കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് നീങ്ങുന്നത് ആത്മവിശ്വാസത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിന്റെ വികസനത്തിനും സമഗ്ര മാറ്റത്തിനും ആവശ്യമായ നിരവധി പരിപാടികൾ യു.ഡി.എഫ് മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തും. ഇതിനായി എല്ലാ മേഖലകളിലും ഗവേഷണ തുല്യ പഠനം നടത്തുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
“നിയമസഭാ തിരഞ്ഞെടുപ്പ് വരെയുള്ള മുഴുവൻ കാര്യങ്ങളും യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിച്ചു. ആത്മവിശ്വാസത്തോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. മിഷൻ 63 അല്ല, ചോർത്തിക്കൊടുത്തവർ തെറ്റിച്ച് പറഞ്ഞതാണ്. പതിവിൽ നിന്നും വ്യത്യസ്തമായി ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും സ്ഥാനാർത്ഥികളെ ഉൾപ്പെടെ മുൻകൂട്ടി നിശ്ചയിച്ചു. പഴയ രീതിയൊക്കെ മാറി.
യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കും. ഇപ്പോൾ കാണുന്ന യുഡിഎഫ് ആയിരിക്കില്ല നിയമസഭ തിരഞ്ഞെടുപ്പ് നേരിടുന്ന ഘട്ടത്തിലെ യുഡിഎഫ്. രാഷ്ട്രീയ പാർട്ടികൾ വന്നേക്കാം. അതിനൊപ്പം പൊളിറ്റിക്കൽ പ്ലാറ്റ്‌ഫോമായി യുഡിഎഫ് മാറുകയാണ്. അതിൽ ഒപ്പീനിയൻ മേക്കേഴ്‌സ് ഉണ്ടാകും ഇൻഫ്‌ളുവൻസേഴ്‌സ് ഉണ്ടാകും. ഇടതുപക്ഷ സഹയാത്രികരായി പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നവരും ഉണ്ടാകും. സിപിഎം ഇടതുപക്ഷമല്ല, തീവ്രവലതുപക്ഷമാണെന്ന് ഇവർ ഞങ്ങളേക്കാൾ മുൻപേ തിരിച്ചറിഞ്ഞിട്ടുണ്ട്. എൽഡിഎഫിനേക്കാൾ നന്നായി അവർ സ്വപ്‌നം കണ്ട പദ്ധതികൾ നടപ്പാക്കാനുള്ള മുന്നണി യുഡിഎഫാണെന്ന ആത്മവിശ്വാസം അവർക്കുണ്ട്. അവരുമായി മാസങ്ങളായി ആശയവിനിമയം നടക്കുന്നുണ്ട്. മാനിഫെസ്റ്റോ തയാറാക്കിയതിലും പദ്ധതികൾ പ്രഖ്യാപിച്ചതിലും അവരുടെ കൂടി പങ്കാളിത്തമുണ്ട് വി.ഡി. സതീശൻ പറഞ്ഞു.















Discussion about this post