തിരുവനന്തപുരം: ആറ്റിങ്ങലില്‍ പാലത്തില്‍ നിന്നും ചാടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച യുവാവിനെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് പൊലീസ് ഉദ്യോഗസ്ഥര്‍. ബുധനാഴ്ച രാത്രി അയിലം പാലത്തില്‍ നിന്നും ചാടാന്‍ ശ്രമിച്ച പോത്തന്‍കോട് സ്വദേശിയായ 23കാരനെയാണ് ആറ്റിങ്ങല്‍ എസ്ഐ ജിഷ്ണുവും എഎസ്ഐ മുരളീധരന്‍ പിള്ളയും ചേര്‍ന്ന് അനുനയിപ്പിച്ച് കരയിലേക്കെത്തിച്ചത്.
ചാടാനായി പാലത്തിന്റെ കൈവരികളില്‍ കയറിയിരുന്ന യുവാവിനോട്, കയറിവാടാ മോനേ, എന്തു പ്രശ്നമുണ്ടെങ്കിലും പരിഹരിക്കാമെന്നും അതിനാണ് പൊലീസെന്നും പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ അനുനയിപ്പിക്കുന്നത്. കരയേണ്ടെന്നും കരയിലേക്ക് കയറിവായെന്നും പറഞ്ഞ് ഉദ്യോഗസ്ഥര്‍ ആശ്വസിപ്പിക്കുച്ചതോടെ യുവാവ് തിരികെ വരികയായിരുന്നു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ കണ്‍ട്രോള്‍ റൂമില്‍നിന്ന് സന്ദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് എത്തിയത്.
സംഭവം ഇങ്ങനെ….
പ്രദേശവാസികളാരോ ആണ് വിളിച്ചു പറഞ്ഞത്. ജീപ്പില്‍ വേഗം പുറപ്പെട്ടു. ഞങ്ങളെത്തുമ്പോള്‍ പുഴയിലേക്കു ചാടാനായി തൂണില്‍ പിടിച്ചു നില്‍ക്കുന്ന യുവാവിനെയാണ് കണ്ടത്. ആദ്യം സംസാരിച്ചു നോക്കിയിട്ട് യുവാവ് വഴങ്ങിയില്ല. പേരു പോലും പറയാന്‍ കൂട്ടാക്കിയില്ല. ഇപ്പോള്‍ ചാടുമെന്ന അവസ്ഥയിലായിരുന്നു അവന്‍. ഞങ്ങള്‍ രണ്ടുപേരും മാറി മാറി സംസാരിച്ചു. ചുറ്റും ഉണ്ടായിരുന്ന ആളുകളെ ഒക്കെ മാറ്റി. പിന്നെയും സംസാരിച്ചപ്പോള്‍ അയാള്‍ വഴങ്ങുകയായിരുന്നു.
ജീവിതത്തിലെ കുറേ പ്രശ്നങ്ങള്‍ പറഞ്ഞു. അതെല്ലാം ഞങ്ങള്‍ ക്ഷമയോടെ കേട്ടു. ഒടുവില്‍ താഴെ ഇറക്കി പാലത്തിന്റെ സൈഡില്‍ അവനൊപ്പം ഇരുന്നു. അവന് കരയണമെന്ന് പറഞ്ഞപ്പോള്‍ കൂടെ ഇരുന്നു. കരഞ്ഞു തീര്‍ക്കാന്‍ പറഞ്ഞു. ഞങ്ങള്‍ കൂടെ ഉണ്ടെന്നു പറഞ്ഞപ്പോള്‍ അവന് അതില്‍ വിശ്വാസം തോന്നി. അവന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനായി അപ്പോള്‍ ആരെങ്കിലും വേണമായിരുന്നു. ഞങ്ങള്‍ അതാണ് ചെയ്തത്. ഒടുവില്‍ വീട്ടുകാരെയും വിളിച്ചു വരുത്തി കൂടെ വിടുകയായിരുന്നു. എനിക്കും പൊലീസ് ആകണമെന്നു പറഞ്ഞിട്ടാണ് അവന്‍ പോയത്. അപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നും എസ്‌ഐ ജിഷ്ണു പറഞ്ഞു.
















Discussion about this post