പാലക്കാട്: ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തന്റെ പാതിവെന്ത ശരീരവുമായി കിണറില്‍ തൂങ്ങിമരിച്ചു. കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിലാണ് സംഭവം നടന്നത്. നടുവട്ടം പറവാടത്ത് വളപ്പില്‍ 35 വയസുള്ള ഷൈബു ആണ് ആത്മഹത്യ ചെയ്തത്.
പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാന്‍ കരിമ്പ പാലക്കപ്പീടികയിലെ ഭാര്യ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആണ് ഷൈബു എത്തുന്നത്. ഭാര്യ കൂടെ വരാന്‍ തയ്യാറാവാതിരുന്നതോടെ വീടിന്റെ മുറ്റത്ത് നിന്ന ഷൈബു കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ തലയിലൂടെ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. തീ പടരുന്നത് കണ്ട് ഓടിയെത്തിയ ബന്ധുക്കള്‍ മോട്ടോര്‍ പമ്പ് ചെയ്തും വെള്ളം കോരി ഒഴിച്ചും തീ കെടുത്തുകയായിരുന്നു.
തീ അണഞ്ഞ ഉടന്‍ തന്നെ യുവാവ് പാതി കത്തിയ ശരീരവുമായി താന്‍ വന്ന ഇരുചക്ര വാഹനത്തില്‍ കയറി ഓടിച്ച് പോവുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും റോഡിലും പരിസരത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ഷൈബുവിന്റെ ബൈക്ക് പാലക്കപ്പീടികയിലെ കച്ചവട സ്ഥാപനത്തിന്റെ പുറക് വശത്തെ കിണറിന് സമീപം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറില്‍ തൂക്കിയിട്ടിരുന്ന മോട്ടോറിന്റെ കയര്‍ ഉപയോഗിച്ച് കിണറിനകത്ത് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
പട്ടാമ്പി ഫയര്‍ യൂണിറ്റ് സ്ഥലത്തെത്തിയാണ് മൃതദേഹം കിണറില്‍ നിന്നും പുറത്തെത്തിച്ചത്. ചാലിശ്ശേരി പോലീസും ഫോറന്‍സിക്ക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.













Discussion about this post