പാലക്കാട്: ജന്മനാ ഇരുകൈകളുമില്ലാത്ത ആലത്തൂര്‍ സ്വദേശി എംബി പ്രണവിന് പാലക്കാട്ടെ ലുലു മാളില്‍ ജോലി ഉറപ്പുനല്‍കി വ്യവസായി എംഎ യൂസഫലി. ലുലുമാള്‍ ഉദ്ഘാടന വേദിയിലെത്തിയ പ്രണവ് യൂസഫലിയെ കണ്ട് താന്‍ കാല് കൊണ്ട് വരച്ച യൂസഫലിയുടെ ഛായാചിത്രവും സമ്മാനിച്ചിരുന്നു. യൂസഫലിക്കൊപ്പം പ്രണവ് സെല്ഫിയുമെടുത്തു.
സെല്‍ഫി എടുത്ത ശേഷം യൂസഫലി പ്രണവിനെ സ്നേഹത്തോടെ തലോടിയപ്പോഴാണ് പൊട്ടിക്കരഞ്ഞ് തനിക്ക് സാറിന്റെ ഒരു സഹായം വേണമെന്ന് പറഞ്ഞത്. ഉടനെ യൂസഫലി പ്രണവിനെ സമാധാനപ്പെടുത്തി എന്താണ് വേണ്ടതെന്ന് ചോദിച്ചു.
തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹമാണ് ജോലിയെന്നും ഇതുവരെ തനിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പിതാവിനെ സഹായിക്കണമെന്നും മറുപടി പറഞ്ഞു. എന്തു ജോലി ചെയ്യാന്‍ സാധിക്കുമെന്ന ചോദ്യത്തിന്, എന്തു ജോലിയും ചെയ്യാനുള്ള ആത്മവിശ്വാസമുണ്ടെന്നായിരുന്നു മറുപടി. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന മാനേജര്‍ രഞ്ജിത്തിനോട് പ്രണവിനു പറ്റിയ ജോലി നല്കണമെന്നാവശ്യപ്പെട്ടു. ഇനി താന്‍ ഇവിടെ വരുമ്പോള്‍ പ്രണവ് ജോലിയിലുണ്ടാകണമെന്നും നിര്‍ദേശവും നല്കി.
ഇരുകൈകളുമില്ലെങ്കിലും പ്രണവ് സൈക്കിള്‍ ചവിട്ടും, പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണത്തിനായി 50 കിലോമീറ്റര്‍ സൈക്കിള്‍ ഓടിച്ചിരുന്നു. 25കാരനായ ബിരുദധാരിയാണ് പ്രണവ്. വലതുകാല്‍ വിരലുകളില്‍ പേന വച്ചാണ് എഴുതുന്നതും ചിത്രം വരയ്ക്കുന്നതും. 2019ലെ നാഷണല്‍ പാരാലിപിംക്സില്‍ 400, 800 മീറ്ററിലും പ്രണവ് കഴിവ് തെളിയിച്ചിട്ടുണ്ട്.
Discussion about this post