മലപ്പുറം: കിടത്തി ചികിത്സയിലുളള ഒന്നര വയസ്സുള്ള കുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനയ്ക്കുള്ള മരുന്ന് നല്‍കിയെന്നാണ് പരാതി. അവശ നിലയിലായ കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്സ് മരുന്ന് മാറി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. നഴ്സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി.
ശ്വാസ തടസ്സത്തെ തുടര്‍ന്ന് കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. എച്ച്എംസി നിയമിച്ച താല്‍ക്കാലിക നഴ്സാണ് ചുമതലയില്‍ ഉണ്ടായിരുന്നത്. ചുമക്കുള്ള മരുന്നിന് പകരം നഴ്സ് വേദനയ്ക്കുള്ള മരുന്ന് നല്‍കിയെന്നാണ് പരാതി.
അതേസമയം, നഴ്സിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ നാട്ടുകാര്‍ പ്രതിഷേധവുമായി ആശുപത്രിയില്‍ എത്തി. മെഡിക്കല്‍ ഓഫിസര്‍ അവധിയിലാണ്. പരാതി കിട്ടിയാലുടന്‍ വിശദമായ അന്വേഷണം നടത്തുമെന്നും വീഴ്ച പറ്റിയതായി കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post