കാട്ടാക്കട: വളർത്തുമൃഗങ്ങളോടും പക്ഷികളോടുമൊക്കെയുള്ള പ്രിയം കാരണം ഇത്തരം കൗതുകങ്ങൾ ഏറെയുള്ള ഫ്ളോറിഡ കുറേ കാലമായി ഈ 13കാരന്റെ മനസിൽ ഇടംപിടിച്ചിരുന്നു. ഇന്റർനെറ്റിലൂടെയാണ് എല്ലാം കണ്ട് മനസ്സിലാക്കിയത്. ഒടുവിൽ ഒരു കത്തുമെഴുതിവെച്ച് പുലർച്ചയോടെ വീടുവിട്ട് ഫ്ളോറിഡിലേക്ക് കാട്ടാക്കടയിൽ നിന്നും ബസും കയറി. പറഞ്ഞുവരുന്നത് കഴിഞ്ഞദിവസം നാട്ടുകാരെയും വീട്ടുകാരേയും പോലീസിനേയും എല്ലാം തീ തീറ്റിച്ച വിദ്യാർത്ഥിയെ കുറിച്ചാണ്.
‘അമ്മാ, അച്ഛാ ഞാൻ പോകുന്നു. എന്റെ കളർസെറ്റ് എട്ട് എയിലെ ആദിത്യനു കൊടുക്കണം. ഞാൻ പോകുന്നു.’ – എന്ന് കത്തെഴുതിവെച്ചാണ് ഈ വിദ്യാർത്ഥി വീടുവിട്ടത്. പിന്നീട് കുട്ടിയെ വൈകുന്നേരത്തോടെ തന്നെ കണ്ടെത്താനായത് വലിയ ആശ്വാസമായി.
വെള്ളിയാഴ്ച രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. സ്കൂൾ വിടുമ്പോൾ ബസ് കിട്ടാതായാൽ ഓട്ടോറിക്ഷ പിടിച്ചുവരാൻ കൊടുത്തിരുന്ന 200 രൂപയായിരുന്നു കുട്ടി കൈയ്യിൽ കരുതിയിരുന്നത്. ഇതുമായിട്ടായിരുന്നു നാടുവിടൽ. ഉറങ്ങാൻകിടന്ന കുട്ടിയെ കാണാനില്ലെന്നു പുലർച്ചെ വീടിന്റെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടപ്പോഴാണ് മനസ്സിലായത്.
വീട്ടുകാർക്കായി കുട്ടി എഴുതിയ കത്ത് സഹോദരിയാണ് വീട്ടുകാരെ കാണിച്ചത്. തുടർന്ന് വിവരം കാട്ടാക്കട പോലീസിനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ച് തിരച്ചിൽ തുടങ്ങുകയായിരുന്നു.
കുട്ടി വെളുപ്പിനേ കെഎസ്ആർടിസി ബസിൽ കയറിയാണ് നാടുവിട്ടത്. ഇതിനിടെ ബസിൽ തന്നെ ബാലരാമപുരത്തേക്കും നെയ്യാറിലേക്കുമെല്ലാം കുട്ടി പോയിരുന്നു. പിന്നീട് വാർത്ത കണ്ട ഒരാളാണ് ബസിലിരിക്കുന്നത് കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. പോലീസിനെ അറിയിച്ചതോടെ ബസ് നേരെ കാട്ടാക്കട പോലീസ് സ്റ്റേഷനിലേക്ക് തിരിക്കുകയായിരുന്നു.
ALSO READ- ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് നാളെ മുതല്‍ മാറ്റം!
അതേസമയം, അമേരിക്കയിലേക്കു പോകുന്ന കാര്യത്തെക്കുറിച്ച് കുട്ടി പലതവണ വീട്ടിൽ ചോദിച്ചിരുന്നുവെന്ന് വീട്ടുകാർ അറിയിച്ചു.അപ്പോഴൊക്കെ തമാശയായാണ് ഇതു കരുതിയതെന്നും രക്ഷാകർത്താക്കൾ പോലീസിനോടു പറഞ്ഞു.
കൂടാതെ, മിടുക്കനായി പഠിച്ച് വലുതായാൽ അമേരിക്കയിൽ പോകാമെന്ന സ്നേഹോപദേശം നൽകിയാണ് പോലീസുകാർ കുട്ടിയെ കോടതിയിൽ ഹാജരാക്കി വീട്ടുകാർക്കു കൈമാറിയത്.
Discussion about this post