ചൊക്ലി: വീട്ടിലെ അലമാരയില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണം കാണാതായതായി വീട്ടമ്മയുടെ പരാതി. വീടും നാടും പോലീസും വിദഗ്ധ സംഘവും അരിച്ച് പെറുക്കുന്നതിനിടെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ എത്തിയതോടെ കേസ് അവസാനിപ്പിച്ച് പോലീസ് മടങ്ങി.
കണ്ണൂരില്‍ ചൊക്ലിയില്‍ വലിയ ഇരുനില വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സൈനുവാണ് പരാതിക്കാരി. 16 പവന് സ്വര്‍ണ്ണം കാണാനില്ലെന്നായിരുന്നു പരാതി. പോലീസും വിദഗ്ധ സംഘവും അരിച്ച് പെറുക്കുന്നതിനിടെ മോഷണം പോയെന്ന് കരുതിയ 16 പവന് കട്ടിലിനടിയില്‍ നിന്നും കണ്ടെത്തി.
മോഷ്ടാവിനായി പാനൂര്‍ പോലീസ് അന്വേഷണം തുടരവെയാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. സൈനു വീടിനു പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ അലമാര തുറന്നു കിടക്കുകയായിരുന്നു. പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണവും പോയിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
എന്നാല്‍ വീട്ടില്‍ നിന്ന് മറ്റൊന്നും മോഷണം പോയിരുന്നില്ല. എല്ലാം പഴയപടി തന്നെ ആയിരുന്നു കിടന്നിരുന്നു. ഇതോടെയാണ് വീട്ടമ്മ പോലീസിനെ സമീപിക്കുന്നത്. സൈനുവിന്റെ പരാതിയില്‍ ചൊക്ളി പോലീസ് കേസെടുത്തു. വീട്ടില്‍ വിരലടയാള വിദഗ്ദരടക്കം തെളിവ് ശേഖരിച്ചു.
പക്ഷെ വീട്ടിനകത്തു തന്നെയുണ്ടായിരുന്ന സ്വര്‍ണ്ണം ഇവരാരും കണ്ടില്ല. ശനിയാഴ്ച്ച സൈനു കട്ടിലിനടിയില്‍ നിന്നും സ്വര്‍ണ്ണം കണ്ടെത്തിയതായി പോലീസില്‍ അറിയിക്കുകയായിരുന്നു. 70 കാരിയായ സൈനുവിന് ഓര്മ പ്രശ്നങ്ങളുണ്ടെന്ന് പോലീസ് പറയുന്നു.
Discussion about this post