കല്‍പ്പറ്റ: വയനാട്ടില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്‍പത് പേരുടെ ജീവന് നഷ്ടമായതിന്റെ ഞെട്ടലിലാണ് മക്കിമല ഗ്രാമം. നാടിനാകെ ഒമ്പത് പേരെ നഷ്ടമായപ്പോള്‍ പത്മനാഭനെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതിരിക്കുകയാണ് ഒപ്പമുള്ളവര്‍ക്ക്. അപകടത്തില്‍ മക്കിമലയിലെ പത്മനാഭന് നഷ്ടമായത് ഭാര്യയെയും മകളെയുമാണ്. ഭാര്യ ശാന്തയും മകള്‍ ചിത്രയുമാണ് മരിച്ചത്.
തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് അപകടത്തില്‍പ്പെട്ടുവെന്ന് മാത്രമാണ് ആദ്യം പത്മനാഭനറിഞ്ഞത്. അവിടെ നിന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. തൊട്ടടുത്ത് താമസിക്കുന്ന ബാലനും അപകടത്തില്‍ ഭാര്യയെ നഷ്ടമായി. ബാലന്റെ ഭാര്യ ശോഭനയും അപകടത്തില്‍ മരിച്ചു.
വയനാട് തലപ്പുഴ കണ്ണോത്തുമലയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഒമ്പത് പേര് മരിച്ചു. തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബാലന് കൂലിപ്പണിക്കും ഭാര്യ തേയിലത്തോട്ടത്തിലെ പണിക്കും പോയായിരുന്നു ആ കുടുംബം കഴിഞ്ഞിരുന്നത്.
തലപ്പുഴ കണ്ണോത്തുമലയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. ആറ് പേര് മാത്രം കയറേണ്ടിയിരുന്ന ജീപ്പിലാണ് 14 പേര് സഞ്ചരിച്ചത്. തോട്ടം തൊഴിലാളികളായ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, കര്‍ത്യായനി, ശോഭന, ചിത്ര എന്നിവരാണ് മരിച്ചത്. ഉമാദേവി, ജയന്തി, ലത, മോഹന സുന്ദരി, ഡ്രൈവര്‍ മണി എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Discussion about this post