കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ ഹോട്ടലിന്റെ സണ്‍ഷേയ്ഡ് തകര്‍ന്ന് വീണ് ലോട്ടറിക്കടയിലെ ജീവനക്കാരന് ദാരുണാന്ത്യം. ചങ്ങനാശേരി പായിപ്പാട് പള്ളിച്ചിറക്കവല പള്ളിത്താച്ചിറ കല്ലുപ്പറമ്പ് വീട്ടില്‍ കെജെ എബ്രഹാമിന്റെ മകന് ജിനോ കെ എബ്രഹാം (46) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. നഗരത്തിലെ രാജധാനി ഹോട്ടലിന്റെ ജനലിനോട് ചേര്‍ന്ന് നിര്‍മിച്ചിരുന്ന കോണ്‍ക്രീറ്റ് ബീമാണ് അടര്‍ന്ന് റോഡില്‍ നിന്ന ജിനോയുടെ തലയില്‍ വീഴുകയായിരുന്നു.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരനാണ് മരിച്ച ജിനോ. വ്യാഴാഴ്ച രാത്രി ജോലിയ്ക്ക് ശേഷം പുറത്തിറങ്ങി വീട്ടിലേയ്ക്കു പോകാന്‍ നില്‍ക്കുകയായിരുന്നു ജിനോ. ഈ സമയത്താണ് കെട്ടിടത്തിന്റെ ജനലിനോട് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ബീമുകളില്‍ ഒന്ന് അടര്‍ന്ന് ഇദ്ദേഹത്തിന്റെ തലയില്‍ വീണത്.
ജിനോയ്ക്ക് തല്‍ക്ഷണം മരണം സംഭവിച്ചതായി നാട്ടുകാര്‍ പറയുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് ഇദ്ദേഹത്തെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Discussion about this post