കൊല്ലം: ബഹളം വെയ്ക്കുന്നത് തടഞ്ഞ മധ്യവയസ്കനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്. കൊല്ലം പള്ളിക്കൽ മൂതലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കൽ മൂതല അരുൺ നിവാസിൽ മിനുക്കുട്ടൻ എന്ന അരുൺകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
അരുൺ കുമാർ പള്ളിക്കൽ സ്വദേശി അബ്ദുൽ ഷുക്കൂറിനെയാണ് ആക്രമിച്ചത്. പത്താം തീയതി വൈകിട്ടായിരുന്നു സംഭവം. അരുൺ കുമാറിന്റെ ആക്രമണത്തിൽ തലയ്ക്കും വാരിയെല്ലിനും ഗുരുതര പരുക്കേറ്റ അബ്ദുൽ ഷുക്കൂർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അബ്ദുൽ ഷുക്കൂർ വാടകയ്ക്ക് കൊടുത്ത വീടിന് സമീപം വന്ന് അരുൺകുമാർ സ്ഥിരമായി ബഹളമുണ്ടാക്കാറുണ്ടായിരുന്നു. ഇക്കാര്യം വിലക്കിയതിലുള്ള വിരോധമാണ് അക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. അബ്ദുൽ ഷുക്കൂറിനെ തട്ടിക്കൊണ്ട് പോയതിന് ശേഷമാണ് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്.
സംഭവത്തിൽ പള്ളിക്കൽ സിഐ ശ്രീജേഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സഹിൽ എം, അജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി അരുൺകുമാറിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Discussion about this post