ഇരിങ്ങാലക്കുട: പേരിലെ നിഷ്കളങ്കത്വം ജീവിതത്തിലും സൂക്ഷിച്ച നല്ലൊരു മനുഷ്യ സ്നേഹി കൂടിയായിരുന്നു ഇന്നസെന്റ്. തന്റെ വീടുകള്‍ക്കെല്ലാം പാര്‍പ്പിടം എന്ന് പേര് നല്കിയ ഇന്നസെന്റിന് പാര്‍ക്കുന്ന ഇടങ്ങളും ചുറ്റുപാടുകളും നാടും നാട്ടുകാരും അയല്‍ക്കാരും എക്കാലവും പ്രിയപ്പെട്ടവരായിരുന്നു. വല്ലപ്പോഴും ഒരു നോക്ക് മാത്രം കാണുന്ന സിനിമാക്കാരന് ആയിരുന്നില്ല നാടിന്റെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന, നാട്ടുകാര്‍ക്ക് കഴിയുന്ന പോലെ സഹായങ്ങള്‍ ചെയ്യുന്ന, പൊതുപ്രവര്‍ത്തനം ഇഷ്ടപ്പെടുന്ന ഒരു തനിനാട്ടുകാരനായിരുന്നു ഇന്നസെന്റ്.
ഇന്നസെന്റ് വച്ച വീടുകള്‍ക്കെല്ലാം പേര് പാര്‍പ്പിടം എന്നായിരുന്നു. ഇപ്പോഴിതാ ആ പേരിന്റെ ക്രെഡിറ്റ് നെടുമുടി വേണുവിനാണെന്നാണ് ഇന്നസെന്റ് പറഞ്ഞിരുന്നത്. ക്രൈസ്റ്റ് കോളജ് റോഡില്‍ ആയിരുന്നു ഇന്നസെന്റ് ആദ്യമായി സ്വന്തമായി വീടു വയ്ക്കുന്നത്.
വീടു പണി കഴിഞ്ഞപ്പോള്‍ ഒരു കപ്പേള പോലെ തോന്നിച്ചുവെന്ന് ഇന്നസെന്റ് തന്നെ പറയാറുണ്ട്. ഇനി ആരെങ്കിലും പള്ളിയോ ക്ഷേത്രമോ എന്നു വിചാരിച്ചാലും തെറ്റു പറയാന്‍ പറ്റില്ല. എന്തിനാ ഇങ്ങനൊരു വീട് വച്ചതെന്ന് അന്വേഷിക്കുന്ന നാട്ടുകാരോട് പറയാന്‍ ഇന്നസെന്റിന് ഒരു റെഡിമെയ്ഡ് മറുപടി ഉണ്ടായിരുന്നു.
Read Also: ഇന്നസെന്റിന്റെ സംസ്കാരം ചൊവ്വാഴ്ച രാവിലെ: കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദര്‍ശനം
പള്ളിയോ ക്ഷേത്രമോ ആണെന്നു കരുതി ആരെങ്കിലും പൈസ കാണിക്കയായി ഇട്ടാല്‍ അതുവച്ച് വയസ്സു കാലത്ത് ജീവിക്കാമല്ലോ എന്നതായിരുന്നു അത്. പക്ഷേ, ഇങ്ങനെ സിനിമാ സ്റ്റൈലില്‍ മറുപടിയൊക്കെ പറഞ്ഞിരുന്നെങ്കിലും ആളുകളുടെ ചോദ്യം ഇന്നസെന്റിനെ ബുദ്ധിമുട്ടിച്ചിരുന്നു.
നെടുമുടി വേണുവിനോട് ഈ സങ്കടം സിനിമാ സെറ്റില്‍ പങ്കുവച്ചപ്പോള്‍ അദ്ദേഹമാണ്, താമസിക്കുന്ന സ്ഥലം എന്ന് അര്‍ഥം വരുന്ന പാര്‍പ്പിടം എന്ന് വീടിനു മുന്പില് പേരെഴുതി വയ്ക്കാന്‍ നിര്‍ദേശിച്ചത്. പിന്നീട് തെക്കേ അങ്ങാടിയില്‍ 2 വീടുകള്‍ വച്ചപ്പോഴും പാര്‍പ്പിടം എന്നു തന്നെയാണ് പേരിട്ടത്.
Discussion about this post