കൊച്ചി: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ചെയ്തെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായി സുഹൃത്തായ അധ്യാപിക രംഗത്ത്. എല്‍ദോസ് കുന്നപ്പള്ളി കോവളത്ത് വെച്ച് പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് മജിസ്ട്രേറ്റിന് മുന്നില്‍ നല്കിയ മൊഴിയില്‍ യുവതി പറയുന്നത്.
പരാതി പിന്‍വലിക്കാന്‍ എംഎല്‍എ പണം വാഗ്ദാനം ചെയ്തെന്നും യുവതി മൊഴി നല്കി. കോവളത്ത് കാറില്‍ യാത്ര ചെയ്യവേ എംഎല്‍എ മര്‍ദ്ദിച്ചുവെന്നാണ് അധ്യാപികയായ യുവതി ആരോപിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ എല്‍ദോസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് നീക്കം.
കഴിഞ്ഞ മാസം 14 ന് എല്‍ദോസ് കുന്നപ്പള്ളിക്ക് ഒപ്പം കോവളത്ത് എത്തിയ യുവതിയാണ് പരാതിക്കാരി. ഇവിടെ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ എല്‍ദോസ് മര്‍ദിച്ചെന്നു യുവതി ആരോപിക്കുന്നു. സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതി കോവളം സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും കേസെടുത്തിരുന്നില്ല.
ഇക്കാര്യം വാര്‍ത്തയായതോടെയാണ് പോലീസ് ഹാജരാകാന്‍ നിര്‍ദേശിച്ചത്. കേസ് പോലീസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നുണ്ട്. കോവളം എസ്എച്ച്ഒക്കെതിരെയാണ് ഒത്തുതീര്‍പ്പ് ആരോപണം ഉയര്‍ന്നത്.
എംഎല്‍എ എസ്എച്ച്ഒയുടെ സാന്നിധ്യത്തില്‍ പണം വാഗ്ദാനം ചെയ്തെന്ന് യുവതി മജിസ്ട്രേറ്റിന് നല്കിയ മൊഴിയില്‍ പറയുന്നുണ്ട്. തിങ്കളാഴ്ച്ച വൈകിട്ട് കോവളം സ്റ്റേഷനില്‍ ഹാജരായ യുവതി, പരാതിയില്‍ ഉറച്ചുനില്‍ക്കുന്നെന്ന് അറിയിക്കുകയും തുടര്‍ന്ന് മജിസ്ട്രേറ്റിന് മൊഴി നല്‍കുകയുമായിരുന്നു.
Discussion about this post