തിരുവനന്തപുരം : രണ്ട് വര്‍ഷത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം കുട്ടികളെ വരവേല്‍ക്കാനൊരുങ്ങി സംസ്ഥാനത്തെ സ്കൂളുകള്‍. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് കഴക്കൂട്ടം ഗവ. എച്ച്എസ്എസില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
ഒന്നാം ക്ലാസ്സില്‍ നാല് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് കണക്ക്. പൊതുവിദ്യാഭ്യാസ മേഖലയിലെ പതിമൂവായിരത്തിലേറെ സ്കൂളുകളിലായി 42.9 ലക്ഷം വിദ്യാര്‍ഥികളാണ് പഠിക്കാനെത്തുകയെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പിഎസ്സി നിയമനം ലഭിച്ച 353 അധ്യാപകരും ഇന്ന് ജോലിയില്‍ പ്രവേശിക്കും. ഒന്നാം ഭാഗം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും സ്കൂളുകളില്‍ എത്തിച്ചു. സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന അടുത്ത ദിവസങ്ങളിലും തുടരാനാണ് സാധ്യത.
സ്കൂളുകളില്‍ അധ്യാപകരും വിദ്യാര്‍ഥികളും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നാണ് നിര്‍ദേശം. രോഗലക്ഷണങ്ങളുള്ളവര്‍ സ്കൂളില്‍ പോകരുത്. അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്സീന് എടുത്തിരിക്കണം. രണ്ട് വര്‍ഷം നടത്താതിരുന്ന കായിക, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഈ വര്‍ഷം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.
Discussion about this post