തിരുവനന്തപുരം: വിദ്യാർത്ഥികൾ പരിഹസിച്ചതിന്റെ പേരിൽ സ്കൂളിന് സമീപത്തെ വെയ്റ്റിങ് ഷെഡിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞതായി ആരോപണം. കുറ്റിച്ചൽ പരുത്തിപ്പള്ളി സ്കൂളിനു മുന്നിലെ വെയിറ്റിങ് ഷെഡിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിലാണ് പോലീസിന്റെ നിഗമനം. ബസിൽ വന്നിറങ്ങിയ ഒരാളാണ് ബോംബ് എറിഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്.
വെയിറ്റിങ് ഷെഡിന് മുന്നിലിരുന്ന കുട്ടികൾ ബസിൽ നിന്ന് ഇറങ്ങിയയാളുടെ വേഷവിധാനത്തെ കളിയാക്കിയിരുന്നു. ഇതാണ് പ്രകോപനകാരണമായതെന്നാണ് കണ്ടെത്തൽ. വെയിറ്റിങ് ഷെഡിന് നേർക്ക് പെട്രോൾ ബോംബ് എറിഞ്ഞെങ്കിലും ഈ സമയം കുട്ടികൾ ഷെഡിന് വെളിയിലായിരുന്നു.
ഈ സംഭവത്തിന് കുറച്ചു സമയം മുമ്പ് വിദ്യാർത്ഥികൾ രണ്ടായി തിരിഞ്ഞ് റോഡിൽ അടികൂടിയിരുന്നു. അധ്യാപകരെത്തിയാണ് ഇവരെ ശാന്തരാക്കിയത്. ഇതിന് പിന്നാലെയാണ് ബോംബാക്രമണം ഉണ്ടായത്.
അതേസമയം, കഞ്ചാവ് സംഘങ്ങളുമായി ബോംബ് എറിഞ്ഞയാൾക്ക് ബന്ധമുണ്ടെന്നും ആരോപണമുണ്ട്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാട്ടാക്കടയിലേയും നെയ്യാർഡാമിലേയും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post