തിരുവനന്തപുരം: തന്റെ കുഞ്ഞിനെ തിരികെ ലഭിക്കാനായി നാളെ മുതല്‍ നിരാഹാര സമരത്തിനൊരുങ്ങി അനുപമ എസ് ചന്ദ്രന്. സെക്രട്ടറിയേറ്റിന് മുന്നില്‍ ശനിയാഴ്ച മുതല്‍ സമരമാരംഭിക്കുമെന്ന് അനുപമ പറഞ്ഞു.
വനിത കമ്മീഷന് കേസെടുത്ത് റിപ്പോര്‍ട്ട് തേടിയിരിക്കുന്നതിനിടെയാണ് കുഞ്ഞിനുവേണ്ടി അനുപമ സമരത്തിലേക്ക് നീങ്ങുന്നത്. പ്രസവിച്ച് മൂന്നാം നാള് അനുപമയുടെ മാതാപിതാക്കള്‍ എടുത്ത് മാറ്റിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാര്‍ക്ക് ദത്ത് നല്‍കിയെന്നാണ് പുറത്തു വരുന്ന വിവരം.
ആദ്യഘട്ടമെന്ന നിലയില്‍ താല്‍ക്കാലിക ദത്ത് നല്കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോടതിയില്‍ നടക്കുകയാണ്. കുഞ്ഞിനെ തേടി അനുപമയും ഭര്‍ത്താവും രംഗത്തെത്തിയിട്ടും ഇതില്‍ പരാതി നിലനില്‍ക്കെയും ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശിശുക്ഷേമ സമിതി ശ്രമിക്കുന്നതെന്ന് അനുപമയും ഭര്‍ത്താവ് അജിത്തും ആരോപിച്ചിരുന്നു.
വനിതാ കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും അനുപമ പറയുന്നു.
ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ ഷിജു ഖാനെതിരെയാണ് ഇരുവരും ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. നിലവില്‍ പേരൂര്‍ക്കട പൊലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണെന്നും അന്വേഷണ മേല്‍നോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അനുപമ വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രിലില്‍ ശിശുക്ഷേമസമിതിയില്‍ അവിടെ ലഭിച്ച കുഞ്ഞുങ്ങളുടെ വിവരം തേടി അനുപമയും അജിത്തും എത്തിയിരുന്നു. വിവരങ്ങള്‍ കോടതിയിലേ നല്‍കൂ എന്നാണ് സമിതി അന്ന് ഇവരോട് പറഞ്ഞത്. സമിതിയിലെ ഉന്നതരായ പലര്‍ക്കും കുഞ്ഞിനെ ഇവിടെ ഏല്‍പ്പിച്ച വിവരം അറിയാമായിരുന്നെന്നും ഒത്തുകളിയുണ്ടെന്നുമാണ് അനുപമ ആരോപിക്കുന്നു. ഓഗസ്റ്റ് ആദ്യവാരം ശിശുക്ഷേമസമിതി ദത്ത് നല്കിയ കുഞ്ഞ് അനുപമയുടേതാണെന്നാണ് സംശയം.
അതേസമയം, കുഞ്ഞിനെ അച്ഛനും അമ്മയും വിട്ടു തരുന്നില്ലെന്ന് കാട്ടി സിപിഐഎമ്മിന്റെ പല മുതിര്‍ന്ന നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നെന്ന് അനുപമ പറയുന്നു. കോടിയേരി ബാലകൃഷ്ണന്, ആനാവൂര്‍ നാഗപ്പന്, വൃന്ദ കാരാട്ട്, പികെ ശ്രീമതി, പി സതീദേവി തുടങ്ങിയ നേതാക്കള്‍ക്കെല്ലാം പരാതി നല്‍കിയിരുന്നു. നിലവിലെ വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി അടക്കമുള്ളവര്‍ക്ക് മുന്നില്‍ ഈ ഘട്ടത്തില്‍ പരാതിയെത്തിയിരുന്നു. ഇക്കാര്യം സതീദേവി ശരിവെക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post