ഗാന്ധിനഗര്‍: മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് റെയില്‍വേ സ്റ്റേഷനില്‍ തന്റെ മൂന്നു അനിയത്തിമാരെയും ചേര്‍ത്തുപിടിച്ചു കണ്ണീരോടെ റെയില്‍വേ സ്‌റ്റേഷനില്‍ ഇരുന്ന നാലു പെണ്‍കുട്ടികളും ഇന്ന് സുരക്ഷിതരാണ്. ഇവര്‍ എത്തിപ്പെട്ടത് പുതുപ്പള്ളി പേരേപ്പറമ്പില്‍ പി.എ.തോമസിനും നീനയുടെയും അടുത്താണ്. 2019ലാണ് ഇരുവരുടെയും ജീവിതത്തില്‍ അപ്രതീക്ഷിതമായി നാലു കുട്ടികളും കടന്നു വന്നത്.
2019 ല്‍ തോമസും നീനയും മുംബൈയിലേയ്ക്ക് പോകാനുള്ള യാത്രയ്ക്കിടെയാണ് ഈ കുരുന്നുകളെ കണ്ടത്. മുംബൈയിലേയ്ക്ക് പോകാനുള്ള ടിക്കറ്റ് കിട്ടാതിരുന്നതിനാല്‍ പുനെയ്ക്ക് ടിക്കറ്റെടുത്ത് അവിടെനിന്ന് മുംബൈയ്ക്ക് പോകാന്‍ നിശ്ചയിച്ചു. ശേഷം, പൂനൈ സ്റ്റേഷനില്‍ തീവണ്ടിക്കായി കാത്തിരിക്കുമ്പോഴാണ് ഒരു മൂലയ്ക്ക് ഒരു ആറുവയസുകാരി മൂന്നു അനിയത്തിമാരെയും ചേര്‍ത്തുപിടിച്ച് ഇരിക്കുന്നത് കണ്ടത്.
തോമസ് അരികില്‍ ചെന്ന് സംസാരിക്കാന്‍ ശ്രമിച്ചു. അല്പനേരത്തെ ഇടപെടല്‍ ഇവര്‍ കൂടുതല്‍ അടുത്തു. സംസാരത്തില്‍, നാലുദിവസം മുമ്പ് അച്ഛനമ്മമാര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചുപോയതായിരുന്നുവെന്ന് മനസിലായി. പിന്നാലെ ഇവരെ കൂടെകൂട്ടുകയായിരുന്നു.
എയ്‌റ എല്‍സ തോമസ് (9), ഇരട്ടകളായ ആന്‍ട്രിയ റോസ് തോമസ്, ഏലയ്ന്‍ സാറാ തോമസ് (8), അലക്‌സാട്രിയ സാറാ തോമസ് (6) എന്നിവരാണ് ഈ ദമ്പതികളുടെ ജീവതത്തില്‍ പുതിയ അര്‍ത്ഥം നല്‍കിയത്. ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഈ മക്കള്‍ക്കൊപ്പം ആദ്യം ഓണം ആഘോഷിക്കുകയാണ് തോമസും നീനയും.
പുണെ സ്റ്റേഷനില്‍ കണ്ടപ്പോള്‍ത്തന്നെ ഇവരെ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന തീരുമാനം തോമസിന്റെ മനസ്സില്‍ നിറഞ്ഞു. നീനയും സമ്മതം മൂളി. അന്ന് മുംബൈ യാത്ര വേണ്ടെന്നുവെച്ച് പുണെയിലെ സുഹൃത്തിനൊപ്പം കുട്ടികളെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പോയി. ഇടയ്ക്ക് നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തെ താല്‍ക്കാലിക ഏറ്റെടുക്കലാണ് നടത്തിയത്. കുട്ടികളുമായി നാട്ടിലെത്തിയപ്പോള്‍ ബന്ധുക്കള്‍ക്കിടയില്‍ ചില പ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്ന് വാടകവീട്ടിലേക്ക് വരെ താമസം മാറി.
2019-ല്‍ പ്രാഥമിക നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ദത്തെടുക്കല്‍ ഈ ജൂലായില്‍ സംസ്ഥാന ശിശുക്ഷേമവകുപ്പിന്റെ അംഗീകാരം കിട്ടിയതോടെയാണ് പൂര്‍ണമായത്. ഇതോടെയാണ് മക്കളായുള്ള ആദ്യ ഓണം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. ഇതിനിടയില്‍, തോമസിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വികസനസമിതിയുടെ കീഴില്‍ പിആര്‍ഒ ആയി ജോലി ലഭിച്ചു. വീടും സ്ഥലവും വാങ്ങി ജീവിതം ഉറപ്പിച്ചു. മൂത്തകുട്ടി എയ്‌റക്ക് ഹിന്ദി കുറച്ച് അറിയാമെങ്കിലും എല്ലാവരും ഇപ്പോള്‍ തനിമലയാളികള്‍.
Discussion about this post