നാറാത്ത് : കണ്ണൂര്‍ ടൗണിലെ തളാപ്പില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ ഫോണ്‍ കോള്‍. അതില്‍ കള്‍ക്ക് ചെറിയ വിഷമം നേരിട്ടു, വേഗം വരണമെന്നാണ് സന്ദേശവും. യൂണിഫോം പോലും മാറ്റാതെ വീട്ടിലേയ്ക്ക് ശരവേഗത്തിലെത്തിയ മാധവന് കേട്ടതാകട്ടെ, ഭാര്യ ബീനയുടെ നെഞ്ചുപിളരുന്ന നിലവിളിയും. ഈ ആര്ത്തുള്ള കരച്ചിലില്‍ മാധവന് കാര്യങ്ങളുടെ ആഴം ബോധ്യപ്പെട്ടു.
സര്‍വതും നിലച്ചുപോയ നിമിഷങ്ങളായിരുന്നു അത്. കരസേനയില്‍നിന്ന് വിരമിച്ച മാധവന് ഏതാനും വര്‍ഷങ്ങളായി ടൗണ്‍ ട്രാഫിക് സ്റ്റേഷനിലെ ഹോംഗാര്‍ഡാണ്. പുതിയതെരു-മയ്യില്‍ റോഡിലാണ് നാറാത്ത് രണ്ടാം മൈല്‍ എന്ന ചെറിയ ടൗണിലെ വലതുവശത്ത് ഒരേനിരയിലാണ് പുത്തന്‍വീട്ടില്‍ തറവാട്ടിലെ നാലുസഹോദരങ്ങളുടെ വീട്. ആ നിരയിലെ രണ്ടാം വീടായ ‘പാര്‍വണം’ ആണ് കൊല്ലപ്പെട്ട പി.വി. മാനസയുടേത്.
ബന്ധുക്കളും പരിചയക്കാരും അയല്‍വാസികളുമായി ഒട്ടേറെപ്പേര്‍ തടിച്ചുകൂടി. വീടിനകത്ത് കടന്നവര്‍ കുടുംബത്തെ ആശ്വസിപ്പിക്കാനാകാതെ നിറകണ്ണുകളോടെ മടങ്ങി. ഒന്നുമുതല്‍ പ്ലസ്ടുവരെ കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു മാനസ. പഠനത്തില്‍ ഒന്നാമത്. പ്രവേശനപരീക്ഷയെഴുതി സര്‍ക്കാര്‍ ക്വാട്ടയിലാണ് കോതമംഗലത്ത് പ്രവേശനം നേടിയത്.
നെല്ലിക്കുഴിയില്‍ സ്വകാര്യ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ 24കാരിയായ പി.വി മാനസയെ വെടിവെച്ചുകൊലപ്പെടുത്തിയ ശേഷം കണ്ണൂര്‍ സ്വദേശി രഖില്‍ (32) സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു. കോളേജിന് സമീപത്തെ ഒരു വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു ഇവര്‍. വെള്ളിയാഴ്ച ഉച്ചയോടെ രഖില്‍ ഇവിടെയെത്തുകയും മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം. കൃത്യം നടത്തിയ ശേഷം ഇയാള്‍ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.
Discussion about this post