ശാസ്താംകോട്ട: ബിഎഎംഎസ് വിദ്യാര്‍ത്ഥിനി വിസ്മയയുടെ മരണത്തില്‍ പോലീസ് കൊലപാതക സാധ്യത തേടുന്നു. കഴിഞ്ഞ ദിവസമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം ഉണ്ടെങ്കിലും സാഹചര്യത്തെളിവുകള്‍ അന്വേഷണ സംഘത്തിന് വെല്ലുവിളിയായിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് കൊലപാതക സാധ്യത അന്വേഷിക്കുന്നത്. കിടപ്പുമുറിയിലും ചേര്‍ന്നുള്ള ശുചിമുറിയിലും ഐജി നേരിട്ട് വിശദമായി പരിശോധന നടത്തിയിരുന്നു. കുളിക്കാന്‍ ഉപയോഗിക്കുന്ന ടവല്‍ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനില്‍ തൂങ്ങിമരിച്ചുവെന്നാണ് കിരണിന്റെ മൊഴി. ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
കിരണിന്റെ അച്ഛനും അമ്മയും നല്കിയ മൊഴി അനുസരിച്ച് നിലവിളി കേട്ട് ഓടിയെത്തുമ്പോള്‍ വിസ്മയയ്ക്ക് കിരണ്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതാണ് കണ്ടത്. വെന്റിലേഷനില്‍ തൂങ്ങി നിന്ന ഭാര്യയെ ഒറ്റയ്ക്ക് എടുത്ത് ഉയര്‍ത്തി കെട്ടഴിച്ച ശേഷം പ്രഥമ ശുശ്രൂഷ നല്‍കിയെന്ന മൊഴിയും പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.
ഇവയ്ക്കെല്ലാം പുറമെ, വിസ്മയയുടെ മൊബൈല്‍ ഫോണ്‍ കിരണ്‍ നശിപ്പിച്ചത് തെളിവുകള്‍ ഇല്ലാതാക്കാന്‍ വേണ്ടിയാണോ എന്നതും പോലീസ് അന്വേഷിച്ച് വരികയാണ്. വിസ്മയയ്ക്കും കുടുംബത്തിനുമെതിരെ കിരണിന്റെ മാതാപിതാക്കള്‍ തുടര്‍ച്ചയായി നടത്തുന്ന പരാമര്‍ശങ്ങളും പോലീസ് ഗൗരവത്തോടെ കാണുന്നുണ്ട്.
Discussion about this post