പമ്പ: എല്ലുകള്‍ ഒടിഞ്ഞു നുറുങ്ങിയിട്ടും ശബരീശനെ കാണാതിരിക്കാന്‍ ചെന്നയ്യന് കഴിയുമായിരുന്നില്ല. പ്‌ളാസ്റ്ററിട്ട വലതുകാലിലെ വേദന അവഗണിച്ച്, ഒന്നര ദിവസത്തോളം യാത്ര ചെയ്ത് 110 പേരുടെ സംഘത്തോടൊപ്പം ചെന്നയ്യന്‍ സന്നിധാനത്തെത്തി. അയ്യപ്പനെ കണ്ടു, വണങ്ങി. നിറഞ്ഞ മനസോടെ.
ഈ വര്‍ഷം സ്വാമിയെ കാണാനാവില്ല എന്നൊരു പേടിയുണ്ടായിരുന്നു, ‘എനിക്കു തൃപ്തിയായി…അതു മാറി. ഇനി വിശ്രമിക്കണം. ചെന്നയ്യന്‍ പറയുന്നു.
തമിഴ്‌നാട് സേലത്തിനടുത്ത് കൃഷ്ണഗിരി സ്വദേശിയാണ് ചെന്നയ്യന്‍ (39). വസ്ത്രവ്യാപാരി. വ്രതമെടുത്ത് തീര്‍ഥാടനത്തിനായി ഒരുങ്ങുമ്പോഴാണ് കഴിഞ്ഞയാഴ്ച ചെന്നയ്യന്‍ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിലേക്ക് മറ്റൊരു വാഹനം പാഞ്ഞു കയറിയത്. വലതു കണങ്കാല്‍ ഒടിഞ്ഞു നുറുങ്ങി. പ്‌ളാസ്റ്ററിട്ട് ഒന്നര മാസം വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും 9 വര്‍ഷമായി ശബരിമലയിലെത്തുന്ന പതിവു മുടക്കാന്‍ ചെന്നയ്യന് സാധിക്കുമായിരുന്നില്ല.
മൂന്നു ബസുകളിലായി തിരിച്ച സംഘത്തോടൊപ്പം ചെന്നയ്യനും ശബരിമലയിലേക്ക്. സാധാരണ നടന്നാണ് മലകയറ്റമെങ്കിലും ഇത്തവണ ഡോളിയെ ആശ്രയിക്കാതെ തരമില്ലായിരുന്നു. രണ്ടു കൂട്ടുകാരുടെ ചുമലില്‍ താങ്ങി, ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിയും കയറി. കാലിന്റെ അവസ്ഥ കണ്ട് പോലീസുകാര്‍ ചെന്നയ്യനെ ക്യൂവിലേക്കു വിടാതെ ദര്‍ശനത്തിന് അനുവദിച്ചു.
നിലത്തു കുത്താന്‍ പറ്റാത്ത വിധം വേദന കൊണ്ടു പുളയുമ്പോഴും അയ്യനെ കാണുന്നതിന്റെ ആനന്ദമായിരുന്നു ആ കണ്ണുകള്‍ നിറയെ. സംഘത്തിലെ ബാക്കിയുള്ളവര്‍ പത്തു ദിവസത്തെ തീര്‍ഥാടനത്തിനായി പോവുകയാണെങ്കിലും ചെന്നയ്യന്‍ നാട്ടിലേക്കു മടങ്ങുകയാണ്.