തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, എറണാകുളം, തൃശൂര്‍, കോഴിക്കോട് 5 വീതം, തിരുവനന്തപുരം, പത്തനംതിട്ട 3 വീതം, പാലക്കാട് 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ രോഗ വ്യാപനം കുറവില്ലാതെ തുടരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് ആകെ ഇന്ന് 5456 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,93,706 ആയി. ഇതില്‍ 58,884 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4701 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 6,32,065 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കൊവിഡ് ബാധിച്ച് 2757 പേരാണ് ഇതുവരെ മരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4722 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 606 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,94,646 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അഞ്ച് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. ഇന്ന് ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ഇതോടെ ആകെ 453 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Discussion about this post