തിരുവനന്തപുരം: എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ സജനയ്ക്ക് നേരെയുള്ള ആക്രമണത്തില്‍ യുവജനകമ്മീഷന് സ്വമേധയാ കേസെടുത്തു. ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് യുവജന കമ്മീഷന് നിര്‍ദേശം നല്‍കുകയും ചെയ്തു.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം ഉള്‍പെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഒരു പുരോഗമന ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല എന്ന് യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം അഭിപ്രായപ്പെട്ടു. സജനയുടെ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായി ശിക്ഷ ഉറപ്പാക്കാനും സജനക്ക് തൊഴിലെടുത്ത് ജീവിക്കാനുളള എല്ലാ സാഹചര്യവും ഒരുക്കികൊടുക്കാനും വേണ്ട ഇടപെടല്‍ നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബിരിയാണി തയ്യാറാക്കി അത് വാഹനത്തില്‍ കൊണ്ടുപോയി വില്പന നടത്തുന്ന ജോലിയാണ് സജനയക്ക്. എന്നാല്‍ കച്ചവട സമയത്ത് ചിലര്‍ കൂട്ടം ചേര്‍ന്ന് ഇവരെയും കൂടെയുള്ള മറ്റ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളേയും അധിക്ഷേപിക്കുകയും അവരുടെ ജോലിയെ തടസപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് സജ്നയുടെ പരാതി.
സംഭവത്തില്‍ മന്ത്രി കെകെ ശൈലജ ടീച്ചറും ഇടപ്പെട്ടിരുന്നു. അക്രമികള്‍ക്കെതിരെ നടപടിയും സജനയ്ക്ക് വേണ്ട സഹായങ്ങളും പോലീസ് സുരക്ഷയും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പുറമെ, സാമ്പത്തിക സഹായം കൂടി നല്‍കുമെന്നും ശൈലജ ടീച്ചര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
Discussion about this post