തിരുവനന്തപുരം: ഓണ്‍ലൈനില്‍ കുട്ടികളുടെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിച്ച 41 പേര് അറസ്റ്റില്‍. സംസ്ഥാന പോലീസിനു കീഴില്‍ സൈബര്‍ ഡോം സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി ഞായറാഴ്ച നടത്തിയ ഹൈടെക് അന്വേഷണത്തിലാണ് അറസ്റ്റ്. 362 സ്ഥലത്ത് പരിശോധന നടത്തി 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്ക്കുകള്‍ തുടങ്ങിയ 285 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ഏറ്റവും കൂടുതല്‍ അറസ്റ്റ് എറണാകുളത്തുനിന്നാണ്. സിറ്റിയില്‍ മൂന്നും റൂറലില്‍ ആറും. തിരുവനന്തപുരം സിറ്റിയില്‍ രണ്ടും റൂറലില്‍ നാലും അറസ്റ്റ് ഉണ്ടായി. മലപ്പുറത്ത് 47 കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ തിരുവനന്തപുരം സിറ്റിയില്‍ നാലും റൂറലില്‍ 27ഉം കേസ് രജിസ്റ്റര്‍ ചെയ്തു. എറണാകുളം സിറ്റി- 13, റൂറല്‍- 21 ഉം കേസ് രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരം സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. ഐജിമരായ എസ് ശ്രീജിത്, ഹര്‍ഷിത അട്ടല്ലൂരി, അശോക് യാദവ് എന്നിവര്‍ നേതൃത്വം നല്കി.
ഡാര്‍ക് നെറ്റും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും വഴി കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ചാണ് ലൈംഗികചൂഷണം. ഉന്നതര്‍വരെ കണ്ണികളാണ്. കൊവിഡ്കാലത്ത് ചൂഷണം വര്‍ധിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയിരുന്നു. സൈബര്‍ ഡോമിനു കീഴിലുള്ള ‘കൗണ്ടറിങ് ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍’ (സിസിഎസ്ഇ) സംഘമാണ് ‘പി ഹണ്ട്’ നടത്തുന്നത്.
കൊവിഡ് കാലത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാന്‍ ‘കൊറോണ ലൈഫ്’ ഗ്രൂപ്പും. മലയാളിക്ക് പ്രിയപ്പെട്ട പഴങ്ങളുടെയും ടിവി പരിപാടികളുടെയും കഥാപാത്രങ്ങളുടെയും പേരിലാണ് ഇതിനായുള്ള വാട്സാപ്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം ഗ്രൂപ്പുകള്‍ അധികവും. നാനൂറോളം മലയാളികള്‍ സജീവമായ ഇത്തരം ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍സിഎംഇസി (നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിങ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രന്‍) സംസ്ഥാന പോലീസിന് കൈമാറിയിരുന്നു. ഇതുവഴി ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നവരുടെ ഐപി അഡ്രസും മറ്റ് വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടികളുടെ വീടുകളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഈ ഗ്രൂപ്പുകളില്‍ ഉപയോഗിക്കുന്നത്.
Discussion about this post