കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പരാതിയുമായി മുന്നോട്ടുവന്ന താരത്തിന് പിന്തുണയുമായി വനിതാ കമ്മീഷൻ. വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദ കമാൽ ഷംന കാസിമിനെ നേരിട്ട് ഫോൺ ചെയ്ത് പിന്തുണ അറിയിച്ചു.
ഭീഷണിക്ക് പിന്നിലെ കൂടുതൽ കുറ്റകൃത്യങ്ങൾ പുറത്ത് കൊണ്ടുവരുന്നതിന് ഷംന കാസിമിന്റെ വെളിപ്പെടുത്തൽ സഹായിക്കുമെന്ന് ഷാഹിദാ കമാൽ പറഞ്ഞു. സിനിമാ മേഖലയിലും മോഡലിങ് രംഗത്തും പ്രവർത്തിക്കുന്നവരും ഇവിടേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവരുമായ പെൺകുട്ടികളെ സ്വർണ്ണക്കടത്തിനും കള്ളക്കടത്തിനും നിർബ്ബന്ധിക്കുകയും അതിന് വഴങ്ങാത്തവരെ ശാരീരിക മാനസിക പീഡനങ്ങൾക്ക് വിധേയമാക്കുകയും ചെയ്ത ഒരുപാട് സംഭവങ്ങൾ മൂടിവെക്കപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള സംഭവങ്ങളെല്ലാം വെളിച്ചത്ത് കൊണ്ടുവരാനും ഇതിനകം ബ്ലാക്ക് മെയിലിങിന് വിധേയരായ പെൺകുട്ടികൾക്ക് നിയമത്തിന് മുന്നിൽ വരാനുള്ള പ്രചോദനവുമാണ് ഷംനയുടെ വെളിപ്പെടുത്തലെന്ന് കമ്മീഷൻ വിലയിരുത്തി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാൻ പാടില്ല. ഇത്തരം അനുഭവങ്ങൾക്ക് വിധേയരായ സ്ത്രീകൾ അത് നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സധൈര്യം മുന്നോട്ട് വരണമെന്നും ഷാഹിദ കമാൽ അഭിപ്രായപ്പെട്ടു.
Discussion about this post