മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തില്‍ ഇരുന്ന ഒരാള്‍ കൂടി മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന വളാഞ്ചേരി സ്വദേശി അബ്ദുള്‍ മജീദാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാളെ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാക്കിയത്.
ന്യൂമോണിയയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതെസമയം ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. സ്രവം പരിശോധയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധന ഫലം ലഭിച്ചിട്ടില്ല. ഫലം ലഭ്യമായതിന് ശേഷമേ സംസ്കാര നടപടികള്‍ നടത്തുകയുള്ളൂവെന്നാണ് സൂചന.
അതിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്നലെ ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി പി.കെ.മുഹമ്മദ് (70) ആണ് മരിച്ചത്. ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.
മുഹമ്മദടക്കം കണ്ണൂരില്‍ ബുധനാഴ്ച രോഗം സ്ഥിരീകരിച്ച നാല് പേര് മസ്കത്തില് നിന്നാണെത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഉള്‍പ്പെടെ മുഹമ്മദ് ചികിത്സയിലായിരുന്നു. മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് മരണം 18 ആയി.
Discussion about this post