തിരുവനന്തപുരം: ജില്ല വിട്ട് യാത്രചെയ്യുന്നവര്‍ക്ക് പാസ് ഓണ്‍ലൈനില്‍. പാസ് ലഭിക്കാനായി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. www.pass.bsafe.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പാസിന് അപേക്ഷിക്കേണ്ടത്. അപേക്ഷകരുടെ മൊബൈല്‍ ഫോണിലേക്ക് പാസിന്റെ ലിങ്ക് ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പാസ് പോലീസ് പരിശോധനയ്ക്ക് കാണിച്ചാല്‍ മതിയാകും.
അതത് പോലീസ് സ്റ്റേഷനുകളെ ബന്ധപ്പെട്ട് പാസ് ലഭിക്കാന്‍ ജനങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകളുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ ആവശ്യങ്ങള്‍, മരണാനന്തരചടങ്ങുകള്‍, ലോക്ഡൗണില്‍ കഴിഞ്ഞശേഷം കുടുംബത്തെ സന്ദര്‍ശിക്കാന്‍, ലോക്ഡൗണില്‍ കുടുങ്ങിപ്പോയ കുടുംബാംഗങ്ങളെ മടക്കികൊണ്ടുവരാന്‍, ജോലിയില്‍ പ്രവേശിക്കാന്‍, കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ എത്താന്‍, അടുത്ത ബന്ധുവിന്റെ വിവാഹം എന്നിവയ്ക്ക് മാത്രമാണ് യാത്രാനുമതി ലഭിക്കുക.
സര്‍ക്കാര്‍ ജീവനക്കാരേയും അവശ്യസേവന വിഭാഗത്തില്‍പ്പെട്ടവരെയും പാസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും.
Discussion about this post