പാലക്കാട്: വാളയാറിൽ മരിച്ച സഹോദരിമാരായ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ ഫോട്ടോ പ്രദർശിപ്പിച്ച കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനുമെതിരെ പരാതി. ഇരുവർക്കുമെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പരാതിയിൽ ആവശ്യപ്പെടുന്നത്.
മാധ്യമ പ്രവർത്തകർക്കും, പൊതുപ്രവർത്തകർക്കുമെതിരെ കേസ് എടുത്തതിൽ പ്രതിഷേധം തുടരുന്നതിനിടയിലാണ് പുതിയ പരാതി. കെപിസിസി, ഒബിസി വിഭാഗം ചെയർമാനും, പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റുമായ സുമേഷ് അച്യുതനാണ് പാലക്കാട് എസ്പിക്ക് പരാതി നൽകിയത്.
അതേസമയം, മാധ്യമ പ്രവർത്തകർക്കും, പൊതുപ്രവർത്തകർക്കുമെതിരെ പോക്സോ വകുപ്പ് ചുമത്തി കേസ് എടുത്തതിൽ ജനരോഷം കൂടുതൽ ശക്തമായിരിക്കുകയാണ്. പാലക്കാട് ജില്ലയിലെ സാംസ്കാരിക പ്രവർത്തകർ പ്രതിഷേധ ബാനറെഴുതി പ്രതിഷേധിച്ചു. പാലക്കാട് ബാർ അസോസിയേഷൻ വൈസ് പ്രസിഡൻറ് ഗിരീഷ് നൊച്ചുള്ളിയാണ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തത്. ഒലവക്കോട് ജംഗ്ഷനിൽ നടന്ന സാംസ്കാരിക പ്രതിരോധത്തിൽ നിരവധി പേർ പങ്കെടുത്തു.
Discussion about this post