തിരുവനന്തപുരം: മനസുകൊണ്ടും ശരീരം കൊണ്ടും താന്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ഒരു സ്ത്രീയായി മാറിയെന്ന് ട്രാന്സ്ജെന്റര് വുമണ്‍ സീമ വിനീത്. ശസ്ത്രക്രിയയിലൂടെയാണ് താന്‍ പൂര്‍ണ്ണമായി ഒരു സ്ത്രീയായി മാറിയതെന്ന് സീമ പറയുന്നു. ആണായി ജനിച്ച് പെണ് മനസ്സായി ജീവിച്ച സീമ ഇപ്പോള്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ശരീരം കൊണ്ടും പൂര്‍ണ്ണമായി സ്ത്രീയായി മാറിയെന്ന് സീമ കൂട്ടിച്ചേര്‍ത്തു.
ഇതിന്റെ ഭാഗമായി വര്‍ഷ പൂജയും സീമയുടെ വീട്ടില്‍ നടത്തി. ട്രാന്‍സ്ജെന്റേഴ്സ് അവരുടെ മനസ്സ് പോലെ തന്നെ ശരീരവും സ്വന്തമാക്കിയതിന് ശേഷം നടത്തുന്ന പ്രത്യേക ചടങ്ങാണ് വര്‍ഷപൂജ. വര്ഷപൂജയോട് അനുബന്ധിച്ച് നടന്ന ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സീമ തന്നെ പങ്കുവെയ്ക്കുകയും ചെയ്തു. സീമയുടെ അമ്മയും സഹോദരനും ഒപ്പം ട്രാന്സ്ജെന്റര് കമ്മ്യൂണിറ്റിയിലെ കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.
ഒരു വര്‍ഷം മുന്‍പാണ് സീമയുടെ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതോടെ നമ്മളില്‍ അവശേഷിക്കുന്ന എല്ലാ പുരുഷത്വം മാറി പൂര്‍ണ്ണമായി സ്ത്രീയായി മാറുമെന്ന സങ്കല്‍പ്പം കൂടിയാണ് വര്‍ഷപൂജ എന്നും സീമ കൂട്ടിച്ചേര്‍ത്തു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ സീമ തിരുവനന്തപുരത്ത് ഒരു മേക്കപ്പ് സ്റ്റുഡിയോയും നടത്തുന്നുണ്ട്. ട്രാന്സ്ജെന്റര് ദമ്പതികളായ സൂര്യയും ഇഷാനും ചടങ്ങളില്‍ പങ്കെടുത്തു.
Discussion about this post