തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ച് ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാത്രി എട്ട് മണിക്ക് ശേഷം സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ആരംഭിച്ചത്.
സെക്രട്ടേറിയറ്റ് പടിക്കലെത്തിയപ്പോള്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു.
ഇതിനെ തുടര്‍ന്ന് ബിജെപി നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. നാളെ ദേശീയ പാത ഉപരോധിക്കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു
ശബരിമലയിലേക്കു പോകുന്നതിന് എത്തിയ ബിജെപി നേതാക്കളെയാണ് നിലയ്ക്കലില്‍ പോലീസ് തടഞ്ഞത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്, തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ നാഗേഷ് എന്നിവരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. നിലയ്ക്കലില്‍ പോലീസും സുരേന്ദ്രനും തമ്മില്‍ ശക്തമായ വാഗ്വാദം ഉണ്ടായി. തിരികെ പോകില്ലെന്ന് സുരേന്ദ്രന് നിലപാടെടുത്തതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചിറ്റാര്‍ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനെ തുടര്‍ന്നാണ് ബിജെപി പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് പടിക്കലെത്തിയത്.
Discussion about this post