വയനാട്: പ്രളയത്തില്‍ നാശം വിതച്ച പുത്തുമലയിലെ ദുരിതബാധിതര്‍ക്ക് സര്‍ക്കാരിന്റെ പ്രാഥമിക ധനസഹായം ഇനിയും ലഭിച്ചിട്ടില്ലെന്ന് പരാതി. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട പല കുടുംബങ്ങളും വാടക വീടുകളിലും ബന്ധുവീടുകളിലുമാണ് കഴിയുന്നത്. ഇത്തരത്തില്‍ കഴിയുന്ന 54 കുടുംബങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്.
ഇത്തരത്തില്‍ പുത്തുമലയില്‍ ദുരന്തം നടന്ന ദിവസം എല്ലാം ഇട്ടെറിഞ്ഞ് പോന്നതാണ് കല്യാണിയും കുടുംബവും. ദിവസങ്ങളോളം ക്യാമ്പില്‍ അഭയംത്തേടി. പിന്നീട് നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ മേപ്പാടി ടൗണിലെ കടമുറിയില്‍ താമസിക്കാന്‍ തുടങ്ങി. ഇവിടെ താമസമായിട്ട് ഇപ്പോള്‍ ഒരു മാസം പിന്നിട്ടു. എന്നാല്‍ ഇതുവരെ കിട്ടുമെന്ന് പറഞ്ഞ പല ധനസഹായവും ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. സര്‍ക്കാറിന്റെ പ്രാഥമിക ധനസഹായമായ 10000 രൂപ അക്കൗണ്ടില്‍ എത്തുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ എത്തിയില്ല. ഇതിനായി പല തവണ പോയിനോക്കിയെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ അക്കൗണ്ട് നമ്പര്‍ മാറിപ്പോയതാണ് പ്രശ്നമെന്ന് അധികൃതര്‍ പറയുമ്പോള്‍ എല്ലാം കൃത്യമാണെന്ന് കല്ല്യാണി ഉറപ്പിച്ച് പറയുന്നു.
ഇവരെ പോലെ ദുരന്തത്തില്‍ 54 വീടുകളാണ് ഇവിടെ നിന്നും ഇല്ലാതായത്. ഭാഗികമായി തകര്‍ന്നത് 39 വീടുകള്‍. ഇതില്‍ 54 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളൊന്നുംതന്നെ ഇതുവരെ ലഭിച്ചിട്ടില്ല. പുത്തുമല ദുരന്തഭൂമിയില്‍നിന്നും മാറ്റി താമസിപ്പിച്ച 93 കുടുംബങ്ങള്‍ക്കായി 100 ഏക്കറില്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. ഇതിനായി സ്ഥലമേറ്റെടുക്കുന്നതടക്കം നടപടികള്‍ പുരോഗമിച്ചുവരുന്നതേയുള്ളൂ.
എന്നാല്‍ ചില സാങ്കേതികമായ തകരാറുകള്‍ കാരണമാണ് ധനസഹായവിതരണം തടസപ്പെട്ടതെന്നും, വൈകാതെ തന്നെ മുഴുവന്‍ പ്രളയബാധിതര്‍ക്കും പണം വിതരണം ചെയ്യുമെന്നും റവന്യൂ അധികൃതര്‍ പറഞ്ഞു.
Discussion about this post