പരവൂര്‍ (കൊല്ലം): യാത്രയ്ക്കിടെ ട്രെയിനിന്റെ എന്ജിന് ബോഗിയില്‍ നിന്നും വേര്‍പ്പെട്ടു. 16312-ാം നമ്പര്‍ കൊച്ചുവേളി-ശ്രീഗംഗനഗര്‍ എക്സ്പ്രസിന്റെ എന്‍ജിനാണ് ബോഗിയില്‍നിന്നും വേര്‍പെട്ടുപോയത്.
ഒല്ലാല്‍ ലെവല്‍ക്രോസിനും പരവൂര്‍ റെയില്‍വേ സ്റ്റേഷനുമിടയ്ക്കുവെച്ചായിരുന്നു സംഭവം. എന്ജിന് പിന്നാലെ എതാനും ബോഗികള്‍ അല്പദൂരം മുന്നോട്ടുപോയാണ് നിന്നത്.
ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ചിറയിന്‍കീഴിനു സമീപത്തുവെച്ചും തകരാറുണ്ടായതിനെത്തുടര്‍ന്ന് 20 മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. പരവൂരില്‍ എന്‍ജിനില്‍നിന്ന് ബോഗികള്‍ വേര്‍പെട്ട് കിടന്നതോടെ അരമണിക്കൂറോളമാണ് ഗേറ്റ് അടച്ചിട്ടത്. ഇതുമൂലം വന്‍ ഗതാഗതക്കുരുക്കുമുണ്ടായി.
റെയില്‍വേ അധികൃതരെ വിവരമറിയിച്ചശേഷം അരമണിക്കൂറിനകം വീണ്ടും ബോഗിയും എന്‍ജിനും യോജിപ്പിച്ചാണ് യാത്ര തുടര്‍ന്നത്. വാഹനങ്ങള്‍ മേല്‍പ്പാലത്തിലൂടെ പാച്ചില്‍ ആരംഭിച്ചതോടെ അവിടെയും ഗതാഗതക്കുരുക്കായി. പരവൂര്‍ പോലീസ് എത്തിയാണ് പിന്നീട് വാഹനങ്ങള്‍ തിരിച്ചുവിട്ടത്.
Discussion about this post