കാസർകോട്: പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് തീരാവേദന മാത്രം ബാക്കിയായവരുടെ കണ്ണീരൊപ്പാൻ ഭൂമിയിലെ ഈ മാലാഖ. പാലിയേറ്റീവ് നഴ്സ് കാസർകോട് കുറ്റിക്കോൽ സ്വദേശി പ്രിയാ കുമാരി സ്വന്തം ഭൂമിയുടെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാണ് നാടിനെ ഒന്നാകെ അമ്പരപ്പിച്ചത്. പത്ത് സെന്റ് ഭൂമിയാണ് ഈ നഴ്സ് സർക്കാറിന് കൈമാറിയത്. കുടുംബ സ്വത്തായി കിട്ടിയ 92 സെന്റ് ഭൂമിയിൽ നിന്നുള്ള പത്ത് സെന്റാണ് കൈമാറിയത്. ഭൂമി സർക്കാർ തന്നെ അർഹതപ്പെട്ടവർക്ക് നൽകട്ടെയെന്നാണ് പ്രിയാകുമാരി പറയുന്നത്.
മൂളിയാർ പഞ്ചായത്തിലെ പാലിയേറ്റീവ് നഴ്സാണ് പ്രിയാകുമാരി. വേദനയിൽ പുളയുന്നവർക്ക് ആശ്വാസവുമായി എത്തുന്ന പ്രിയയ്ക്ക് പ്രളയത്തിൽ നഷ്ടം അനുഭവിച്ചവരുടെ വേദനയും മനസിലാക്കാൻ അധികസമയം വേണ്ടിയിരുന്നില്ല. സഹതപിച്ച് മാറി നിൽക്കുന്നതിനു പകരം സഹജീവികളുടെ നഷ്ടം നികത്താനുള്ള പ്രവർത്തികളിൽ ശക്തമായി തന്നെ ഇടപെടുകയായിരുന്നു പ്രിയ.
സഹതാപമല്ല മറിച്ച് അനുതാപമാണ് ആവശ്യം എന്നാണ് നഴ്സിങ് പഠിപ്പിക്കുന്നത്. അതു തന്നെയാണ് ഇപ്പോൾ ചെയ്യുന്നതും. കഴിഞ്ഞ തവണ പ്രളയം വന്നപ്പോൾ തന്നെ മനസിൽ ഇങ്ങനൊയൊരു ആഗ്രഹമുണ്ടായിരുന്നുവെന്ന് പ്രിയാ കുമാരി പറയുന്നു. വൈദ്യുതി വകുപ്പിൽ ലൈൻമാനായ ഭർത്താവ് രവീന്ദ്രന്റെ പൂർണ്ണ പിന്തുണയും പ്രിയാകുമാരിയുടെ തീരുമാനത്തിന് പിന്നിലുണ്ട്.
ഈ തീരുമാനമെടുത്തതിന് പിന്നാലെ, ഒട്ടും വൈകാതെ തന്നെ കളക്ട്രേറ്റിൽ നേരിട്ടെത്തി ഭൂമിയുടെ രേഖകളും ഇവർ കൈമാറി. കാസർകോട് ജില്ലയിൽ മാത്രം ഈ വർഷത്തെ പേമാരി ഏതാണ്ട് 29-ഓളം വീടുകളെയാണ് തകർത്തത്. നിരവധിയാളുകൾക്ക് ഭൂമിയും നഷ്ടമായി. ഇത്തരത്തിൽ ഭൂമി പോലും നഷ്ടമായവരുടെ പുനരധിവാസത്തിന് ഈ ഭൂമി ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാസർകോട് ജില്ലാ കളക്ടർ സി സജിത്ത് ബാബുവും പറയുന്നു.
Discussion about this post