ബംഗളൂരു: കര്‍ണാടകയില്‍ നാലാം ഊഴത്തില്‍ മുഖ്യപദത്തിലെത്തിയ ബിഎസ് യെദ്യൂരപ്പ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും. കൂടാതെ, പ്രധാന്‍മന്ത്രി കിസാന്‍ യോജന് പദ്ധതിയില്‍ കര്‍ഷകര്‍ക്ക് നല്കുന്ന 6000 രൂപയ്ക്ക് പുറമെ 4000 രൂപ രണ്ട് ഗഡുക്കളായി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് യെദ്യൂരപ്പ ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സഭയില്‍ വിശ്വാസ വോട്ട് തേടുമെന്നും തുടര്‍ന്ന് സംസ്ഥാന ബഡ്ജറ്റ് പാസാക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി. എങ്ങനെ ഭരണം മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് ഞങ്ങള്‍ കാണിച്ചുതരാമെന്നും യെദ്യൂരപ്പ പറഞ്ഞു.
കഴിഞ്ഞ 14 മാസമായി സംസ്ഥാനത്ത് ഭരണനിര്‍വഹണം തകര്‍ന്ന അവസ്ഥയിലായിരുന്നു. പ്രതികാരത്തിന്റെ രാഷ്ട്രീയം തങ്ങള്‍ അനുവര്‍ത്തിക്കില്ലെന്നും പ്രതിപക്ഷം വിമര്‍ശിച്ചാലും അവരെ സുഹൃത്തുക്കളായി കാണുമെന്നും യെദ്യൂരപ്പ പറഞ്ഞു. മറക്കുകയും പൊറുക്കുകയും ചെയ്യുക എന്നതാണ് തന്റെ ആദര്‍ശമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം തന്ന ജനങ്ങളോട് നന്ദി പറയുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post