ബെംഗളൂരു: കേരള കര്‍ണാടക അതിര്‍ത്തി തുറക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. അതിര്‍ത്തി തുറക്കുന്നത് കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിര്‍ത്തി അടക്കുന്നത് സംബന്ധിച്ചെടുത്ത തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും ജനങ്ങളുടെ സുരക്ഷമുന്‍നിര്‍ത്തിയാണ് ഈ തീരുമാനം എടുത്തതെന്നുമാണ് കേരള കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്ഡി ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടിയായാണ് യെദ്യൂരപ്പ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അതിര്‍ത്തി പ്രദേശങ്ങളിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൃത്യമായി വിലയിരുത്തിയ ശേഷമാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം കാസര്‍കോടും സമീപ പ്രദേശങ്ങളിലും വൈറസിന്റെ വ്യാപനം ഭയപ്പെടുത്തുന്നതാണ്. ഇതിനെ കുറിച്ച് കേരളസര്‍ക്കാരിനും അറിയാവുന്നതാണ്.
ഇപ്പോള്‍ അതിര്‍ത്തി തുറന്നാല്‍ അത് കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകും. രോഗ വ്യാപനം തടയാന്‍ കഴിയില്ല. അതിര്‍ത്തി കടന്നു വരുന്നവരില്‍ എത്രപേര്‍ക്ക് കൊറോണ ഉണ്ടെന്നും ഇല്ലെന്നും കണ്ടെത്താനുള്ള സാഹചര്യമില്ല. സംസ്ഥാന അതിര്‍ത്തി അടച്ചത് ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിനാണെന്നും യെദ്യൂരപ്പ പറഞ്ഞു.
Discussion about this post