ന്യൂഡല്‍ഹി: രാജ്യത്ത് എഴുത്തും വായനയും അറിയാതെ അഞ്ച് കോടിയിലേറെ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. കസ്തൂരിരംഗന്‍ അധ്യക്ഷനായ കമ്മീഷന് തയ്യാറാക്കിയ ദേശീയ വിദ്യാഭ്യാസ കരടു നയത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. മൂന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കിടയിലാണ് ഈ പ്രശ്നം പൊതുവേ കണ്ടു വരുന്നത്.
ഈ അവസ്ഥ തുടരുകയാണെങ്കില്‍ 2030ഓടെ രാജ്യത്ത് എഴുത്തും വായനയും അറിയാതെ അഞ്ചാം ക്ലാസ് പൂര്‍ത്തിയാക്കുന്നവരുടെ എണ്ണം പത്ത് കോടി പിന്നിടുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രീ പ്രൈമറി വിദ്യാഭ്യാസം രാജ്യത്ത് വ്യാപകമല്ലെന്നും പോഷകാഹാരക്കുറവ് മൂലം ആരോഗ്യം മോശമാവുന്ന കുട്ടികളെ സ്കൂളുകളില്‍ വിടാന്‍ രക്ഷിതാക്കള്‍ മടിക്കുന്നുവെന്നും കമ്മീഷന് ചൂണ്ടിക്കാട്ടുന്നു.
താത്പര്യം ഉണര്‍ത്തുന്ന പാഠ്യ പദ്ധതികളുടെയും പഠന രീതികളുടെയും അഭാവവും യോഗ്യതയുള്ളവരും നല്ല പരിശീലനം കിട്ടിയവരുമായ അധ്യാപകരുടെ കുറവുമാണ് കുട്ടികളില്‍ എഴുത്തും വായനയും കുറയാനുള്ളതിന്റെ മറ്റ് പ്രധാന കാരണങ്ങളെന്നും കമ്മീഷന് വ്യക്തമാക്കുന്നു. ഇത് പരിഹാരിക്കാനുള്ള നിര്‍ദേശങ്ങളും നയത്തില്‍ കമ്മീഷന് മുന്നോട്ടു വയ്ക്കുന്നുണ്ട്.
മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ താഴെ ക്ലാസിലുള്ള കുട്ടികളുമായി പഠനപരമായ ആശയ വിനിമയത്തിന് സൗകര്യമൊരുക്കണമെന്നും പഠിതാക്കള്‍ തമ്മിലുള്ള ആശയ വിനിമയം നിര്‍ബന്ധമാക്കണമെന്നും മുതിര്‍ന്ന കുട്ടികള്‍ പഠിച്ച കാര്യങ്ങള്‍ താഴെ ക്ലാസിലെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ അവസരമൊരുക്കണമെന്നും കമ്മീഷന് നിര്‍ദേശിക്കുന്നു.
വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനായി വിദഗ്ധ പരിശീലനം കിട്ടിയ യോഗ്യതയുള്ള അധ്യാപകരെ നിയമിക്കണം. മൂന്ന് വയസ് മുതല്‍ രണ്ടാം ക്ലാസ് വരെ പ്രീമ പ്രൈമറിയായി കണക്കാക്കണം. മൂന്ന്, നാല്, അഞ്ച് ക്ലാസുകള്‍ പ്രൈമറിയായി കണക്കാക്കണം. പ്രീ പ്രൈമറി കഴിയുമ്പോള്‍ ഭാഷ പറയാനും വായിക്കാനും ശേഷി വികസിപ്പിച്ചാല്‍ മതിയാകുമെന്നുമാണ് കമ്മീഷന് മുന്നോട്ട് വെച്ച മറ്റ് നിര്‍ദേശങ്ങള്‍.
Discussion about this post