ഗാസിയാബാദ്: പാസ്‌പോർട്ടിന്‍റെ പേരിൽ ദമ്പതികൾ തമ്മിലുണ്ടായ വഴക്കിനിടെ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. 11 വയസ്സുകാരിയായ മകളുടെ കണ്‍മുന്നിലാണ് കൊലപാതകം നടന്നത്. വീട്ടിലെ അടുക്കളയിലെ തറയിലായിരുന്നു മൃതദേഹം. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റൂബി (34) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒളിവിൽപ്പോയ ഭർത്താവ് വികാസിനായി (38) പൊലീസ് തെരച്ചിൽ തുടങ്ങി. വികാസും ഭാര്യ റൂബിയും ഗുണ്ടാസംഘത്തിൽ പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.
രണ്ട് മാസമായി വികാസ് റൂബിക്കും മക്കൾക്കുമൊപ്പം ആയിരുന്നില്ല താമസം. ഇന്ന് രാവിലെ, വികാസ് വീട്ടിലെത്തി പാസ്‌പോർട്ട് നൽകാൻ റൂബിയോട് ആവശ്യപ്പെട്ടതോടെയാണ് ഇരുവരും തമ്മിൽ വഴക്ക് തുടങ്ങിയത്. വഴക്കിനിടെ വികാസ് റൂബിയെ വെടിവച്ചു കൊലപ്പെടുത്തി ഒളിവിൽ പോയെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ അവരുടെ 11 വയസ്സുകാരിയായ മകൾ വീട്ടിലുണ്ടായിരുന്നു. രണ്ടാമത്തെ മകൾ സ്കൂളിലായിരുന്നു. മകളാണ് അയൽവാസികളെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി റൂബിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.













Discussion about this post