ബംഗളൂരു: സ്‌കൂള്‍ ടാങ്കില്‍ കീടനാശിനി കലക്കിയ സംഭവത്തില്‍ തീവ്രഹിന്ദുസംഘടന ശ്രീറാം സേനയുടെ നേതാവടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കര്‍ണാടക ബെലഗാവിയിലെ ഹുളിക്കട്ടി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. ശ്രീറാം സേനെ നേതാവ് സാഗര്‍ പാട്ടില്‍, കൂട്ടാളികളായ കൃഷ്ണ മാഡര്‍, മഗന്‍ ഗൗഡ പാട്ടീല്‍ എന്നിവരാണ് അറസ്റ്റിലായത്.
മുസ്ലിം ഹെഡ് മാസ്റ്ററായ സുലൈമാന്‍ ഗോരിനായിക് എന്ന പ്രധാനാധ്യാപകനെ പുറത്താക്കാനുള്ള ഗൂഢാലോചനയെന്ന് പൊലീസ് പറയുന്നു. മൂന്ന് പേര്‍ക്കെതിരെ നാട്ടില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമമെന്ന വകുപ്പും വധശ്രമവും അടക്കം ചുമത്തി കേസെടുത്തു.
ജൂലൈ 14-ന് ഇവിടത്തെ ടാങ്കില്‍ നിന്ന് വെള്ളം കുടിച്ച ചില കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. 10 വയസ്സ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന പ്രൈമറി സ്‌കൂളാണിത്. സമയോചിതമായി അധ്യാപകര്‍ ഇടപെട്ടതോടെ ഒഴിവായത് വന്‍ ദുരന്തമാണ്. വെള്ളത്തില്‍ നിന്ന് ദുര്‍ഗന്ധമുണ്ടെന്ന് കുട്ടികള്‍ ടീച്ചറോടും ഹെഡ് മാസ്റ്ററോടും പറഞ്ഞു. ഇതോടെ ഹെഡ് മാസ്റ്ററും മറ്റ് ടീച്ചര്‍മാരും ടാങ്ക് അടക്കുകയായിരുന്നു.
അവശതയനുഭവപ്പെട്ട കുട്ടികളെ ഉടന്‍ ആശുപത്രിയിലാക്കി. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച പൊലീസിന് ടാങ്കിനടുത്ത് നിന്ന് കീടനാശിനിയുടെ കുപ്പി കിട്ടി. ഇതന്വേഷിച്ചപ്പോഴാണ് തന്നോട് ഈ കുപ്പിയിലുള്ളത് ടാങ്കില്‍ ഒരാള്‍ ഒഴിക്കാന്‍ പറഞ്ഞെന്ന് ഒരു കുട്ടി മൊഴി നല്‍കിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.










Discussion about this post