ഹൈദരാബാദ്: തെലുങ്ക് ടിവി ചാനല്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഇവരുടെ നാല് സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തു. അവതാരകനായ പ്രണവ് സിസ്റ്റലയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിലാണ് മാര്‍ക്കറ്റിങ് ബിസിനസ് ചെയ്യുന്ന ഹൈദരാബാദ് സ്വദേശിനി തൃഷ ബോഗിറെഡ്ഡി (31) അറസ്റ്റിലായത്.
സംഭവം ഇങ്ങനെ…
മാട്രിമോണി സൈറ്റില്‍ പ്രണവിന്റെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമാക്കി ആരോ ഒരാള്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചിരുന്നു. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ആളുമായി തൃഷ സഹൃദം സ്ഥാപിക്കുകയും തുടര്‍ച്ചയായി ചാറ്റ് ചെയ്യുകയും ചെയ്തു.
ചൈതന്യ റെഡ്ഡി എന്നയാളാണ് പ്രണവിന്റെ ചിത്രമുപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതെന്ന് പിന്നീട് തെളിഞ്ഞു. ഇരുവരും അടുത്തതോടെ തന്റെ ബിസിനസില്‍ 40 ലക്ഷം രൂപ നിക്ഷേപിക്കാന്‍ ചൈതന്യ റെഡ്ഡി ആവശ്യപ്പെട്ടു. യുപിഐ വഴി ഇയാള്‍ക്ക് 40 ലക്ഷം രൂപ നല്‍കിയെന്നും എന്നാല്‍ പണം കൈപ്പറ്റിയ ശേഷം ഇയാള്‍ തന്നെ ഒഴിവാക്കാന്‍ തുടങ്ങിയെന്നും തൃഷ പോലീസിനോടു പറഞ്ഞു.
പ്രൊഫൈലില്‍ നിന്നു കിട്ടിയ നമ്പറില്‍ യുവതി ബന്ധപ്പെട്ടപ്പോള്‍ പ്രണവിനെയാണ് ലഭിച്ചത്. തുടര്‍ന്ന് പ്രണവ് കാര്യങ്ങള്‍ പറഞ്ഞു. ചൈതന്യ റെഡ്ഡി എന്നയാള്‍ തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് നിര്‍മിച്ചിട്ടുണ്ടെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചെങ്കിലും തൃഷ മെസേജുകള്‍ അയച്ചുകൊണ്ടിരുന്നു.
ALSO READ മണിപ്പൂര്‍ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സ്ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു
പിന്നീട് പ്രണവ് തൃഷയെ ബ്ലോക്ക് ചെയ്തു. തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. പ്രണവിന്റെ നീക്കങ്ങളറിയാന്‍ കാറില്‍ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചു. നാലുപേരെ വാടകയ്ക്കെടുത്ത് ഫെബ്രുവരി 11ന് പ്രണവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കുകയായിരുന്നു.
Discussion about this post