പാറ്റ്ന: തന്റെ പേഴ്സില്‍ നിന്ന് പണം മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി സത്യം ചെയ്യിപ്പിച്ച് അധ്യാപിക. ബീഹാറിലാണ് സംഭവം. തന്റെ പേഴ്സില്‍ നിന്ന് 35 രൂപ മോഷ്ടിച്ചിട്ടില്ലെന്ന് ക്ഷേത്രത്തില്‍വെച്ച് സത്യം ചെയ്യുന്നതിനായി സ്കൂള്‍ വിദ്യാര്‍ത്ഥികളെ മുഴുവന്‍ അടുത്തുള്ള അമ്പലത്തില്‍ ടീച്ചര്‍ കൊണ്ടു പോകുകയായിരുന്നു.
അധ്യാപികയ്ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ബങ്ക ജില്ലയിലെ പ്രൈമറി സ്കൂളിലെ അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റി. അധ്യാപികയുടെ പെരുമാറ്റത്തില്‍ ഗ്രാമവാസികള്‍ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിക്കുകയും സ്കൂള്‍ പരിസരത്ത് പ്രതിഷേധിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് അധികൃതര്‍ നടപടിയെടുത്തത്.
ALSO READ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരണപ്പെട്ട കേസ്: നയാസിന്റെ ആദ്യഭാര്യ രണ്ടാം പ്രതി
ബുധനാഴ്ച രാജൗണ്‍ ബ്ലോക്കിലെ അസ്മാനിചക് ഗ്രാമത്തിലെ സ്കൂളില്‍ എത്തിയ വിദ്യാര്‍ഥിനിയോട് സ്കൂള്‍ അധ്യാപിക നീതു കുമാരി തന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന വെള്ളക്കുപ്പി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ടീച്ചര്‍ പേഴ്സ് പരിശോധിച്ചപ്പോള്‍ 35 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി.
വിദ്യാര്‍ത്ഥികളോട് പണം നഷ്ടപ്പെട്ട കാര്യം ചോദിച്ചപ്പോള്‍ എടുത്തിട്ടില്ലെന്ന മറുപടിയാണ് നല്‍കിയത്. തുടര്‍ന്ന് അധ്യാപിക എല്ലാ കുട്ടികളെയും അടുത്തുള്ള ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ദൈവനാമത്തില്‍ സത്യം ചെയ്യിക്കുകയായിരുന്നു.
Discussion about this post