ഹൈദരാബാദ്: ഉറക്കമുണർന്നപ്പോൾ തൊട്ടരികിൽ കുരങ്ങനെ കണ്ട 45കാരൻ കുഴഞ്ഞു വീണ് മരിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ ഭയം ഹൃദയാഘാതം ഉണ്ടാക്കി. ഇതാണ് മരണത്തിലേക്ക് നയിച്ചത്. തെലങ്കാനയിലെ ഹനുമാൻ നഗർ നിവാസിയായ രുദ്രോജു രാജു എന്നയാളാണ് മരിച്ചത്.
വീടിനു പുറത്തുള്ള ടാപ്പിൽ നിന്നു വെള്ളം എടുക്കുന്നതിനായി രാജുവിന്റെ ഭാര്യ പുലർച്ചെ പുറത്തിറങ്ങി. എന്നാൽ തിരികെ കയറുന്നതിനിടെ വാതിൽ അടയ്ക്കാൻ യുവതി മറന്നു പോയി. തുറന്ന് കിടന്ന വാതിലിലൂടെ കുരങ്ങൻ അകത്തേക്ക് കയറുകയായിരുന്നു. രാജുവും രണ്ടു ആൺമക്കളും ഉറങ്ങിക്കിടന്ന മുറിക്കുള്ളിലേക്കാണ് കുരങ്ങൻ കയറിയത്.
മുറിയിൽ കയറിയ കുരങ്ങൻ അനങ്ങാതെ ഇരുന്നു. കുരങ്ങൻ മുറിക്കുള്ളിലുള്ള വിവരം രാജുവും മക്കളും അറിഞ്ഞിരുന്നില്ല. എന്നാൽ രാവിലെയോടെ രാജുവിൻറെ ഭാര്യ മുറിയിൽ എത്തിയപ്പോഴാണ് കുരങ്ങനെ കണ്ടത്. ഇതോടെ ഭാര്യ ഭയന്നുവിറച്ച് നിലവിളിച്ചു.
ഭാര്യയുടെ ബഹളം കേട്ടാണ് രാജു ഉറക്കമുണർന്നത്. അപ്രതീക്ഷിത കാഴ്ച കണ്ട രാജു പെട്ടെന്ന് ഭയന്നുവിറച്ച് കുഴഞ്ഞുവീഴുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയൽക്കാരാണ് രാജുവിനെ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Discussion about this post