വരാണസി: ഉത്തര്‍പ്രദേശില്‍ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി നിര്‍ദ്ദേശിക്കുന്ന മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്ന് യോഗി ആദിത്യനാഥ്. അടുത്ത നിയമസഭാ തെരെഞ്ഞടുപ്പില്‍ എവിടെ നിന്നാണ് മത്സരിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു യുപി മുഖ്യമന്ത്രി.
അടുത്ത തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ എല്ലായ്‌പ്പോഴും തെരെഞ്ഞടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്നു എന്നാണ് യുപി മുഖ്യമന്ത്രി മറുപടി പറഞ്ഞത്. പാര്‍ട്ടിയാണ് താന്‍ എവിടെ നിന്നു മത്സരിക്കണമെന്നതില്‍ തീരുമാനമെടുക്കേണ്ടതെന്നും യോഗി സൂചിപ്പിച്ചു.
പാര്‍ട്ടിക്ക് ഒരു പാര്‍ലമെന്ററി ബോര്‍ഡ് ഉണ്ട്. ഓരോരുത്തരും എവിടെ നിന്നു മത്സരിക്കണമെന്നതില്‍ പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ് തീരുമാനമെടുക്കുകയെന്നും യോഗി ഇക്കാര്യം സംബന്ധിച്ച് വ്യക്തമാക്കി.
അതേസമയം 2017-ല്‍ ബിജെപി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തിനു തന്നെ മാതൃകയാകുന്ന വിധത്തില്‍ യുപിയിലെ ക്രമസമാധാനാന്തരീക്ഷം മെച്ചപ്പെട്ടുവെന്ന് യോഗി അവകാശപ്പെട്ടു.
സംസ്ഥാനത്ത് കഴിഞ്ഞ നാലരവര്‍ഷത്തെ തന്റെ ഭരണകാലത്ത് കലാപങ്ങളൊന്നും ഉണ്ടായില്ലെന്നും ദീപാവലിയുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ സമാധാനമായി കൊണ്ടാടാന്‍ കഴിഞ്ഞതായും യോഗി ചൂണ്ടിക്കാട്ടി.
Discussion about this post