ഇറ്റാനഗര്‍ : അരുണാചലില്‍ നിയന്ത്രണരേഖ കടക്കാന്‍ വീണ്ടും ചൈനീസ് ശ്രമം. ലൈന്‍ ഓഫ് കണ്ട്രോളില് (എല്‍ഓസി) ഇന്ത്യന്‍-ചൈനീസ് സംഘങ്ങള്‍ മുഖാമുഖം വന്നതായും മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാവസ്ഥ ചര്‍ച്ചകള്‍ക്കൊടുവില്‍ പരിഹരിച്ചതായും പ്രതിരോധമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ബും ലാ പാസിനും യാങ്സീയ്ക്കും ഇടയിലാണ് ചൈനീസ് സംഘം എത്തിയത്. സംഘര്‍ഷത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും പറ്റിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനുമുമ്പും പലതവണ ചൈനീസ് കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശമാണിത്. 2016ല്‍ 200ഓളം ചൈനീസ് സൈനികര്‍ യാങ്സീ വരെ എത്തിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം മടങ്ങിപ്പോവുകയും ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റ് 30ന് നൂറിലധികം വരുന്ന ചൈനീസ് സൈനികര്‍ ഉത്തരാഖണ്ഡിലെ ബരാഹോട്ടി അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റം നടത്തിയിരുന്നു. ഇന്ത്യയിലേക്ക് കടന്ന സൈനികര്‍ ഒരു പാലത്തിന് കേടുപാടുണ്ടാക്കിയ ശേഷമാണ് അന്ന് മടങ്ങിപ്പോയത്. നൂറിലേറെ സൈനികരും 55 കുതിരകളുമടങ്ങുന്ന സംഘം അന്ന് 5 കിലോമീറ്ററിലധികം അതിര്‍ത്തി കടന്ന് സഞ്ചരിച്ചിരുന്നു. ഈ സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് വീണ്ടും നുഴഞ്ഞുകയറ്റമുണ്ടായിരിക്കുന്നത്.
Discussion about this post