ജജ്പുര്: തന്നെ കടിച്ച പാമ്പിനെ ആദിവാസിയായ 45-കാരന് തിരിച്ചു കടിച്ചു കൊന്നു. ഒഡീഷയിലെ ജജ്പുര് ജില്ലയിലുള്ള സലിജംഗ പഞ്ചായത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കിഷോര്‍ ബദ്രയെന്ന കര്ഷകന് ബുധനാഴ്ച രാത്രിയോടെ തന്റെ നെല്‍വയലിലെ ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരും വഴി കാലില്‍ പാമ്പു കടിക്കുകയായിരുന്നു.
ഇതിന്റെ പ്രതികാരത്തില്‍ കിഷോര്‍ ബദ്ര പാമ്പിനെ ഉടന്‍ പിടികൂടി തിരിച്ച് കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ‘കഴിഞ്ഞ ദിവസം രാത്രി കാല്‍നടയായി ഞാന്‍ വീട്ടിലേക്ക് പോകുകയായിരുന്നു. എന്തോ കാലില്‍ കടിച്ചു. ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ വിഷപാമ്പാണെന്ന് കണ്ടു. തുടര്‍ന്ന് ഇതിനെ കൈയിലെടുത്ത് ഞാന്‍ തുടരെ തുടരെ കടിച്ചു. അവിടെ വെച്ച് തന്നെ അതിനെ കൊന്നു’ ബദ്ര പറഞ്ഞു.
തുടര്‍ന്ന് ചത്ത പാമ്പിനേയും തൂക്കിയെടുത്ത് ബദ്ര സംഭവം ഭാര്യയോട് വിവരിച്ചു. സുഹൃത്തുക്കള്‍ക്ക് മുന്നിലും ബദ്ര പാമ്പിനെ ഗ്രാമത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടാന്‍ ഗ്രാമവാസികളില്‍ ചിലര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് കൂട്ടാക്കിയില്ല. പിന്നീട് പരമ്പരാഗത വൈദ്യനെ സമീപിക്കുകയായിരുന്നു.
Discussion about this post