ന്യൂഡല്‍ഹി: ‘ആളുകളെ പല്ലുവേദനയില്നിന്ന് സംരക്ഷിക്കാന്‍ ചുമതലേറ്റയാള് പിന്നീടു ശത്രുക്കളെ പരാജയപ്പെടുത്തുന്നതിനുള്ള പാത സ്വീകരിക്കാന്‍ കാരണമെന്താണ്?’ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഈ ചോദ്യത്തോട് ചെറുപഞ്ചിരിയോടെ മറുപടി നല്കി ഡോ. നവജ്യോത് സിമി. ‘ഞാന്‍ വളരെക്കാലമായി സിവില്‍ സര്‍വീസില്‍ ജോലി ചെയ്യുന്നു. ഒരു ഡോക്ടറുടെ ജോലിയും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കടമയും ആളുകളുടെ വേദന മാറ്റുക എന്നതാണ്. അതിനാല്‍ ഇതു മറ്റുള്ളവര്‍ക്കു സേവനം ചെയ്യുന്നതിനുള്ള വലിയ അവസരമാണെന്നു ഞാന്‍ കരുതുന്നുവെന്ന് നവജ്യോത് പറയുന്നു.
ശനിയാഴ്ച, ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷനല്‍ പോലീസ് അക്കാദമിയിലെ ഐപിഎസ് പ്രൊബേഷനിലുള്ള ഉദ്യോഗസ്ഥരോടു സംവദിക്കവെയാണു പ്രധാനമന്ത്രിയുടെ ചോദ്യം. ഡെന്റിസ്റ്റില്‍ നിന്നുമാണ് നവജ്യോത് സിമി പോലീസ് വേഷമണിഞ്ഞ് ജനസേവനത്തിനെത്തിയത്. സിമി ഇന്ന് രാജ്യത്തിനാകെ മാതൃക കൂടിയാണ്. പഞ്ചാബിലെ ഗുരുദാസ്പുര്‍ സ്വദേശിയായ നവജ്യോത്, ബിഹാര്‍ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ്. പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷമെന്ന് നവജ്യോത് സിമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കുറിപ്പ് ഇങ്ങനെ;
‘ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്താന്‍ സാധിച്ചതിന് നന്ദി. ഭാവിയിലെ മികച്ച പ്രവര്‍ത്തനത്തിനു താങ്കളുടെ മാര്‍ഗനിര്‍ദേശവും ഉപദേശവും ഞങ്ങള്‍ക്ക് അമൂല്യമാണ്. ഞങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ‘പുതിയ ഇന്ത്യ’യിലേക്ക് രാജ്യത്തെ നയിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യും.’
Discussion about this post