ബംഗളൂരു: കര്‍ണാടകയിലെ ചാമരാജ്നഗര്‍ ക്ഷേത്രത്തില്‍ പ്രസാദം കഴിച്ച് 15 പേര് മരിക്കാനിടയായ സംഭവത്തിലെ പൂജാരിയുടെ കള്ളത്തരങ്ങള്‍ അപ്പാടെ പൊളിച്ച് പോലീസ്. സംഭവം ആസൂത്രിതം തന്നെയെന്ന് ആദ്യ നിരീക്ഷണം പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ദുരൂഹതയുടെ ചുരുള്‍ പോലീസ് അഴിച്ചത്. 15 കുപ്പി കീടനാശിനിയാണ് പ്രസാദത്തില്‍ കലര്‍ത്തിയത്. ഇത് പോലീസ് ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചു.
ഈ പ്രസാദം കഴിച്ചതിനെ തുടര്‍ന്നാണ് ഭക്ഷ്യവിഷബാധയേറ്റ് 15 പേര് മരണമടഞ്ഞത്. വിഷത്തിന്റെ അംശം കഴിച്ച് 100ലധികം കാക്കകളും സമീപത്ത് ചത്ത് വീണിരുന്നു. ദുരൂഹതയെന്ന് അപ്പോഴും ഉയര്‍ന്നിരുന്നു. ഈ വാകക്ുകള് സത്യമാവുകയാണ് പൂജാരിയുടെ അറസ്റ്റിലൂടെ. 120 പേരോളം ഇപ്പോഴും ആശുപത്രിയില്‍ കഴിയുകയാണ്. ദൊഡ്ഡയ്യയെയും ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു സഹായികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ക്ഷേത്രത്തില്‍ നിര്‍മ്മിച്ച പുലാവിലാണു കീടനാശിനി ചേര്‍ത്തത്. പാചകക്കാരെ തന്ത്രപൂര്‍വം ഒഴിവാക്കിയ ശേഷമാണ് ദൊഡ്ഡയ്യയും കൂട്ടുകാരനും ഓര്‍ഗാനോ ഫോസ്ഫേറ്റ് പ്രസാദത്തില്‍ കലര്‍ത്തിയത്.
പാചകക്കാര്‍ തിരികെയെത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടെങ്കിലും മസാല കൂടിയതിന്റെ മണമാകും എന്നാണ് ധരിച്ചിരുന്നത്. ആ കാര്യം ഇവര്‍ പോലീസിനെ അറിയിച്ചു. പുലാവില്‍ കീടനാശിനി കലര്‍ത്തിയതു ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും സാലൂര്‍ മഠത്തിലെ സ്വാമിയുമായ ഇമ്മാഡി മഹാദേവയുടെ നിര്‍ദേശ പ്രകാരമാണിതെന്ന് ദൊഡ്ഡയ പോലീസിനോട് സമ്മതിച്ചു. നേരത്തേ മാരമ്മ ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന ദൊഡ്ഡയ്യയെ കഞ്ചാവു കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ജനുവരിയില്‍ പിരിച്ചുവിട്ടിരുന്നു.
പിന്നീട് സമീപ ഗ്രാമത്തിലെ നാഗര്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരിയായ ദൊഡ്ഡയ്യയെ മഹാദേവസ്വാമി വിളിച്ചു വരുത്തുകയായിരുന്നു. ക്ഷേത്ര ഗോപുര നിര്‍മാണവുമായി ബന്ധപ്പെട്ട് മഹാദേവസ്വാമിക്കു ട്രസ്റ്റ് അംഗങ്ങളുമായുള്ള അഭിപ്രായ ഭിന്നതയാണു ക്രൂരതയ്ക്കു പിന്നിലെന്ന് ഐജി ശരത് ചന്ദ്ര വിശദീകരിച്ചു. ദൊഡ്ഡയ്യയ്ക്കും മഹാദേവസ്വാമിക്കും പുറമേ ക്ഷേത്ര സെക്രട്ടറി മാതേഷ്, ഭാര്യ അംബിക എന്നിവരെയും പ്രതികളാക്കി രാമപുര പൊലീസ് പുതിയ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു.
പൂജാരിയുടെ എല്ലാ നീക്കങ്ങളും കരുതിക്കൂട്ടി തന്നെയായിരുന്നു. പുലാവ് പാകം ചെയ്യുന്ന വെള്ളത്തില്‍ കീടനാശിനി കലര്‍ത്താനായിരുന്നു ആദ്യം പദ്ധതിയിട്ടത്. ഇതിനായി കൃഷി ഓഫിസില്‍ നിന്ന് ഓര്‍ഗാനോ ഫോസ്ഫേറ്റ് ഗണത്തില്‍ പെടുന്ന കീടനാശിനി ശേഖരിച്ചത് അംബികയായിരുന്നു. കഴിഞ്ഞ 14ന് രാവിലെ ദൊഡ്ഡയ്യ ക്ഷേത്രത്തില്‍ എത്തിയപ്പോഴേക്കും പുലാവ് പാകം ചെയ്തിരുന്നു. പിന്നീട് മുഖ്യ പാചകക്കാരനായ പുട്ടസ്വാമി കുളിക്കാന്‍ പോയ നേരം നോക്കി ഇതില്‍ കീടനാശിനി ചേര്‍ക്കുകയായിരുന്നു.
ഭക്ഷ്യവിഷബാധയേറ്റെന്ന മട്ടില്‍ മൈസൂരു കെആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദൊഡ്ഡയ്യയെ കസ്റ്റഡിയില്‍ എടുത്തതോടെയാണു എല്ലാ നീക്കങ്ങളും പാളിയത്. ആശുപത്രിയില്‍ മറ്റുള്ളവര്‍ക്കൊപ്പം അഡ്മിറ്റായ ദൊഡ്ഡയ്യയുടെ രക്തസാംപിളുകളില്‍ ഓര്‍ഗാനോ ഫോസ്ഫേറ്റിന്റെ സാന്നിധ്യം കണ്ടെത്താത്തതാണു സംശയം വര്‍ധിപ്പിച്ചത്. തുടര്‍ന്നായിരുന്നു ഇയാളുടെ അറസ്റ്റ്. ട്രസ്റ്റ് ട്രഷറര്‍ നീലകണ്ഠ ശിവചാര്യയുടെ നേതൃത്വത്തിലുള്ള മറു ഭാഗത്തെ തോജോവധം ചെയ്യുന്നതിന്റെ ഭാഗമായാണു ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തിയതെന്ന് ഇയാള്‍ മൊഴി നല്കി.
Discussion about this post