ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്യപിതാവ് ബലാത്സംഗം ചെയ്തതറിഞ്ഞ് ഭാര്യയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി. നാടകീയ സംഭവ വികാസങ്ങള്‍ അറങ്ങേറിയതാകട്ടെ പോലീസ് കുടുംബത്തിലും. ഇരയായ യുവതി പോലീസ് കോണ്‍സ്റ്റബിളാണ്. ഭര്‍ത്താവും ഭര്‍തൃ പിതാവും പോലീസ് ഉദ്യോഗസ്ഥരാണ്. മീററ്റിലാണ് ദാരുണ സംഭവം.
ഭര്‍തൃപിതാവും ഗാസിയാബാദില്‍ പിഎസി റിസര്‍വ് പോലീസില്‍ ഉദ്യോഗസ്ഥനുമായ നസീര്‍ അഹമ്മദാണ് വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ ബലാത്സംഗം ചെയ്തത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബലാത്സംഗം ചെയ്തത് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാല്‍, യുവതി തന്റെ ഭര്‍ത്താവും പോലീസ് ഉദ്യോഗസ്ഥനുമായ ആബിദിനോട് ദുരനുഭവം തുറന്നുപറയുകയായിരുന്നു. പക്ഷേ, ഭാര്യയെ സഹായിക്കുന്നതിന് പകരം ഇയാള്‍ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുകയായിരുന്നു. ഇതോടെ യുവതി പോലീസില്‍ പരാതി നല്കി.
വനിതാ കോണ്‍സ്റ്റബിളായ യുവതിയും പോലീസ് ഉദ്യോഗസ്ഥനായ ആബിദും മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതരായത്. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായും യുവതി പരാതിയില്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post