ലഖ്നൗ: പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര’ ട്രസ്റ്റിനെതിരേ ശക്തമായ എതിര്‍പ്പുമായി സന്ന്യാസിമാര്‍. ക്ഷേത്രത്തിനായി ത്യാഗംചെയ്തവരെ പൂര്‍ണമായും അവഗണിച്ചെന്നും ഇതു സന്ന്യാസിമാരെ പരിഹസിക്കലാണെന്നും രാമജന്മഭൂമി ന്യാസ് മുഖ്യ രക്ഷാധികാരി മഹന്ദ് നൃത്യ ഗോപാല്‍ ദാസ് പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ പതിനഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ച വിവരം പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എതിര്‍പ്പുമായി സന്യാസിമാര്‍ രംഗത്തെത്തിയത്. ട്രസ്റ്റില്‍ സന്ന്യാസിസമൂഹത്തില്നിന്നു മതിയായ പ്രാതിനിധ്യമില്ലെന്നും രാമജന്മഭൂമി ന്യാസ് മുഖ്യ രക്ഷാധികാരി മഹന്ദ് നൃത്യ ഗോപാല്‍ ദാസിനെ പുതിയ ട്രസ്റ്റിന്റെ തലവനാക്കണമെന്നും സന്ന്യാസിസമൂഹം ആവശ്യപ്പെട്ടു.
വൈഷ്ണവസമാജം ട്രസ്റ്റില്‍നിന്ന് പൂര്‍ണമായും അവഗണിക്കപ്പെട്ടതായി മഹന്ദ് നൃത്യ ഗോപാലിന്റെ പിന്‍ഗാമി മഹന്ദ് കമല്‍ നയന്‍ദാസ് ആരോപിച്ചു. ട്രസ്റ്റിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഎസ്പിക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള ബിമലേന്ദ്ര മോഹന്‍ പ്രതാപ് മിശ്രയെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനെയും സന്ന്യാസിമാര്‍ വിമര്‍ശിച്ചു. ട്രസ്റ്റുമായി സംബന്ധിച്ച് ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ദിഗംബര്‍ അഖാഡയില്‍ സന്ന്യാസിമാര്‍ ഇന്ന് അടിയന്തിര യോഗം ചേരുന്നുണ്ട്.
Discussion about this post