മുംബൈ: ശിവസേന വീണ്ടും ബിജെപിയുമായി ഒന്നിക്കാനുള്ള സാധ്യത തള്ളിക്കളയാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തന്നോട് കളവ് പറയാതിരിക്കുകയും നല്കിയ വാഗ്ദാനം അവര്‍ പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ താന്‍ ഒരിക്കലും മുഖ്യമന്ത്രിയാകില്ലായിരുന്നുവെന്നും ശിവസേന നേതാവ് വ്യക്തമാക്കി.
ശിവസേന മുഖപത്രമായ സാമ്നയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ബിജെപിയും ശിവസേനയും വീണ്ടും യോജിക്കാനുള്ള സാധ്യതയെപ്പറ്റി ഉദ്ധവ് താക്കറെ സൂചിപ്പിച്ചത്. ഭാവിയില്‍ ബിജെപിയുമായി വീണ്ടും ഒന്നിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘എന്നോട് കളവ് പറയാതിരിക്കുകയും നല്കിയ വാഗ്ദാനം അവര്‍ പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും മുഖ്യമന്ത്രിയാകില്ലായിരുന്നു. തീരുമാനിച്ചതിനപ്പുറം ഒന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യം അധാര്‍മ്മികമാണെന്ന ആരോപണം ഉദ്ധവ് തള്ളി.
ശിവസേനയെ ബിജെപി ധാര്‍മ്മികത പഠിപ്പിക്കേണ്ടെന്നും ഫഡ്നാവിസ് മറ്റ് പാര്‍ട്ടികളെ പിളര്‍ത്തി അതിലെ നേതാക്കളെ ചേര്‍ക്കുകയല്ലേ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.ആശയപരമായ ഭിന്നതയുള്ളവര്‍ ചേര്‍ന്ന് സഖ്യമുണ്ടാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്രത്തിലും ഇത് തന്നെയല്ലെ അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post