പാറ്റ്ന: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരുമകള്‍ ഐശ്വര്യ റായ് രംഗത്ത്. തേജ് പ്രതാപുമായി
അകന്നുകഴിയുന്ന ഐശ്വര്യ തന്നെയാണ് ഭര്‍തൃമാതാവ് റാബ്റി ദേവിയും ഭര്‍തൃസഹോദരി മിസ ഭാരതിയും ചേര്‍ന്ന് തന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്.
‘തേജ് പ്രതാപിനൊപ്പം ജീവിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതുകൊണ്ടാണ് ഭര്‍ത്താവ് വിവാഹമോചന ഹര്‍ജി നല്‍കിയിട്ടും ഭര്‍തൃഗൃഹത്തില്‍ തന്നെ തുടര്‍ന്നത്. എന്നാല്‍ ഹര്‍ജി നല്‍കിയതിനു പിന്നാലെ ഞാന്‍ വിവാഹമോചിതയായി എന്ന പോലെയാണ് തേജ് പ്രതാപിന്റെ സഹോദരി പെരുമാറിയത്’- ഐശ്വര്യ ആരോപിച്ചു.
മാതാപിതാക്കള്‍ക്കൊപ്പമാണ് ഐശ്വര്യ മാധ്യമങ്ങളോട് സംസാരിച്ചത്. ‘കഴിഞ്ഞ മൂന്നു മാസമായി അവര്‍ എന്നോട് വളരെ മോശമായാണ് പെരുമാറിയത്. ഭക്ഷണം പോലും തന്നില്ല. എന്റെ വീട്ടില്‍ നിന്നാണ് പലപ്പോഴും ഭക്ഷണം എത്തിച്ചിരുന്നത്. അടുക്കളയില്‍ കയറാന്‍ പോലും അവര്‍ അനുവദിച്ചില്ല.’ – ഐശ്വര്യ വ്യക്തമാക്കി.
ഈ മാസം ആദ്യം ഐശ്വര്യ തന്റെ മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ പിന്നീട് മടങ്ങിയെത്തുകയായിരുന്നു. ലാലുവിന്റെയും റാബ്റി ദേവിയുടെയും പാട്ന സര്‍ക്കുലര്‍ റോഡിലെ വസതിയിലാണ് ഐശ്വര്യ റായിയും താമസിക്കുന്നത്.
തേജ് പ്രതാപ് യാദവ് മയക്കു മരുന്നിന് അടിമയാണെന്ന ആരോപണവുമായി ഐശ്വര്യ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ഗര്‍ഹിക പീഡന നിരോധന നിയമ പ്രകാരമുള്ള സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു.
Discussion about this post