ന്യൂഡല്‍ഹി: വിപണിയില്‍ വില്‍പ്പന ഇടിഞ്ഞതിനാല്‍ സോപ്പിന്റെ വില കുറച്ച് രാജ്യത്തെ പ്രമുഖ ബ്രാന്‍ഡായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍.കമ്പനിയുടെ പ്രധാന ബ്രാന്‍ഡായ ലക്സ്, ലൈഫ് ബോയ്, ഡവ് എന്നീ സോപ്പുകളുടെ വിലയില്‍ 30 ശതമാനമാണ് കുറവ് വരുത്തിയിരിക്കുന്നത്. വില്‍പ്പന ഇടിഞ്ഞതിന് പുറമെ മാര്‍ക്കറ്റില്‍ മത്സരം കടുത്തതുമാണ് കമ്പനി ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ കാരണം.
രാജ്യത്തെ സോപ്പ് വിപണിയുടെ ഏറിയ പങ്കും ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ കൈവശമാണ്. സോപ്പിന്റെ വില കുറയ്ക്കുന്നതിനെ കുറിച്ച് ജൂലായില്‍ തന്നെ കമ്പനി നിക്ഷേപകര്‍ക്ക് സൂചന നല്‍കിയിരുന്നു. മാര്‍ക്കറ്റില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മുഖ്യ എതിരാളികള്‍ ഐടിസി, വിപ്രോ കണ്‍സ്യൂമര്‍ കെയര്‍, ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് തുടങ്ങിയവരാണ്.
വിപണിയില്‍ വില്‍പ്പന ഇടിഞ്ഞതിന് പുറമെ ഓഹരി വിപണിയിലും ഹിന്ദുസ്ഥാന്‍ യൂണിലിവറിന് തിരിച്ചടി നേരിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സോപ്പുകളുടെ വില കുറക്കാനുള്ള ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തീരുമാനവും പുറത്തുവരുന്നതെന്ന് ഏറെ ശ്രദ്ധേയമാണ്. നേരത്തേ രാജ്യത്തെ പ്രമുഖ ബിസ്കറ്റ് ഉല്പാദകരായ പാര്‍ലെജിയില്‍ വില്പന കുറഞ്ഞതിനെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പുറമെ രാജ്യത്ത് അടിവസ്ത്ര വിപണി ഉള്‍പ്പെടെ തളര്ച്ചയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
Discussion about this post