കൊല്ലം: ഓച്ചിറയില്‍ മാതാപിതാക്കളെ മര്‍ദിച്ച ശേഷം 13കാരിയായ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വനിതാകമ്മീഷന് സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമീഷനും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നു.
അതി ഗൗരവമുള്ള സംഭവമായതിനാല്‍ പ്രതികളെ ഉടന്‍ അറസറ്റ് ചെയ്യണമെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും വനിത കമ്മീഷന് അംഗം എംഎസ് താര കൊല്ലം ജില്ല പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തില്‍ നാല് പ്രതികള്‍ക്കുമെതിരെ പോക്സോ ചുമത്തി. കേസില്‍ പെണ്‍കുട്ടിയെയും പ്രതികളെയും കണ്ടെത്താന്‍ കേരളാ പോലീസ് ബാംഗ്ലൂര്‍ പോലീസിന്റെ സഹായം തേടി. പ്രതി റോഷന് പെണ്‍കുട്ടിയുമായി ബംഗളൂരിലേക്ക് കടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേരളാ പോലീസ് ബംഗളൂര് പോലീസിന്റെ സഹായം തേടിയത്.
തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും രാജസ്ഥാന് സ്വദേശികളെ മര്‍ദ്ദിച്ച് അവശരാക്കി13 കാരിയായ മകളയെ തട്ടിക്കൊണ്ട് പോയത്. ഓച്ചിറ വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നവരാണ് മാതാപിതാക്കള്‍.
തടയാന്‍ ശ്രമിച്ചപ്പോള്‍ അച്ഛനമ്മമാരെ മര്‍ദ്ദിച്ച് അവശരാക്കി വഴിയില്‍ത്തള്ളിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ ആദ്യം കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പോലീസ് പിന്നീട് നാട്ടുകാരുടെ വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കേസെടുത്തത്. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Discussion about this post